Asianet News MalayalamAsianet News Malayalam

അടിവാങ്ങിക്കൂട്ടി ഉമേഷ് യാദവിന്‍റെ ഉന്നമില്ലാ ഏറ്; എയറിലാക്കി ആരാധകര്‍, ഹര്‍ഷലിനും കണക്കിന് കിട്ടി

സ്പെഷ്യലിസ്റ്റ് ബൗളറായ ഉമേഷിന് പിന്നീട് രോഹിത് പന്തെറിയാൻ അവസരം നൽകിയുമില്ല

Fans blast Umesh Yadav and Harshal Patel for conceding runs in IND vs AUS 1st T20I
Author
First Published Sep 21, 2022, 5:52 PM IST

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്‍റി 20യിൽ അടിവാങ്ങിക്കൂട്ടിയ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനെതിരെ ആരാധകർ. ഉമേഷിനെ ടീമിലെടുത്ത ടീം മാനേജ്മെന്‍റിനെയും സെലക്ഷൻ കമ്മിറ്റിയെയും ആരാധകർ വിമർശിക്കുന്നുണ്ട്. മത്സരത്തില്‍ ഒരോവറിൽ രണ്ട് വിക്കറ്റ് നേടിയെങ്കിലും ആകെ രണ്ടോവറിൽ ഉമേഷ് യാദവ് 27 റൺസ് വഴങ്ങിയിരുന്നു. സ്പെഷ്യലിസ്റ്റ് ബൗളറായ ഉമേഷിന് പിന്നീട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പന്തെറിയാൻ അവസരം നൽകിയുമില്ല. 

കൊവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരമാണ് ഉമേഷ് യാദവ് അവസാന നിമിഷം ടീമിനൊപ്പം ചേ‍ർന്നത്. ട്വന്‍റി 20 ലോകകപ്പിന്‍റെ റിസർവ് ടീമിൽപ്പോലും ഇല്ലാത്ത ഉമേഷിനെ എന്തിന് ടീമിൽ ഉൾപ്പെടുത്തി, എന്തിന് കളിപ്പിച്ചുവെന്നും ആരാധകർ ചോദിക്കുന്നു. ദീപക് ചഹറിനെ കളി കാണാൻ ടീമിൽ എടുത്തതാണോയെന്ന സംശയവും ആരാധകർ ഉന്നയിക്കുന്നു. ഉമേഷ് യാദവിനെ മാത്രമല്ല, ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ഹർഷൽ പട്ടേലിനെയും ആരാധകർ വെറുതെ വിടുന്നില്ല. റൺസ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹർഷൽ പതിനെട്ടാം ഓവറിൽ വിട്ടുകൊടുത്തത് ഇരുപത്തിരണ്ട് റൺസാണ്. നാല് ഓവറില്‍ ഹര്‍ഷലിനെതിരെ ഓസീസ് 49 റണ്‍സടിച്ചു. 

ബൗളര്‍മാര്‍ റണ്ണേറെ വഴങ്ങിയതോടെയാണ് മൊഹാലി ട്വന്‍റി 20യിൽ ഇന്ത്യയുടെ പിടിവിട്ടത്. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ തിരിച്ചടിക്ക് കാരണമായത് ബൗളർമാരുടെ മോശം പ്രകടനമായിരുന്നു. അവിടെനിന്ന് ഇന്ത്യൻ ടീം അൽപംപോലും മുന്നോട്ടുപോയിട്ടില്ലെന്നാണ് മൊഹാലിയും വ്യക്തമാക്കുന്നത്. ട്വന്‍റി 20 ലോകകപ്പിന് ഒരുമാസം മാത്രം ബാക്കിനിൽക്കേ ഇന്ത്യൻ ബൗളർമാരുടെ പ്രകടനം ആരാധകരുടെ ആശങ്ക വർധിപ്പിക്കുകയാണ്.

ഡെത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അടിവാങ്ങാന്‍ മത്സരിച്ചപ്പോള്‍ മൊഹാലി ടി20യില്‍ ഓസീസ് നാല് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് അവശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് സ്വന്തമാക്കിയത്. ഓപ്പണറായിറങ്ങി 30 പന്തില്‍ 61 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും ഫിനിഷറുടെ റോളില്‍ 21 പന്തില്‍ പുറത്താകാതെ 45 റണ്‍സെടുത്ത മാത്യൂ വെയ്‌ഡുമാണ് വിജയശില്‍പികള്‍. നേരത്തെ 35 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ കെ എല്‍ രാഹുലും പിന്നാലെ 25 പന്തില്‍ 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സിക്‌സര്‍മഴയുമായി 30 പന്തില്‍ പുറത്താകാതെ 71 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ ആറ് വിക്കറ്റിന് 208 റണ്‍സിലെത്തിച്ചത്. 

വിമര്‍ശകര്‍ കടക്ക് പുറത്ത്; റിഷഭ് പന്തിന് പരസ്യ പിന്തുണയുമായി മാത്യൂ ഹെയ്‌‌ഡന്‍

Follow Us:
Download App:
  • android
  • ios