ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈ-ഗുജറാത്ത് മത്സരങ്ങളില്‍ ഹാര്‍ദ്ദിക്കിനെ ട്രോളാന്‍ കിട്ടുന്ന അവസരങ്ങളൊന്നും മുംബൈ ആരാധകര്‍ പാഴാക്കാറുമില്ല.

മുംബൈ: മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ആരാധകരോഷം കത്തുന്നു. രോഹിത്തിനെ നായകസ്ഥാനത്തു നിന്ന് മാറ്റിയതിനെക്കാളുപരി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയതാണ് ആരാധകരെ രോഷാകുലരാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ലേലത്തിന് മുമ്പ് നിലനിര്‍ത്താന്‍ തയാറാവത്തതിലെ നീരസം കാരണം മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സ് നായകനായി പോയ ഹാര്‍ദ്ദിക് ടീമിനെ വഞ്ചിച്ചുവെന്ന പൊതുവികാരം ആരാധകര്‍ക്കിടയിലുണ്ട്.

ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈ-ഗുജറാത്ത് മത്സരങ്ങളില്‍ ഹാര്‍ദ്ദിക്കിനെ ട്രോളാന്‍ കിട്ടുന്ന അവസരങ്ങളൊന്നും മുംബൈ ആരാധകര്‍ പാഴാക്കാറുമില്ല. മുംബൈയുടെ വിശ്വസ്തരും നട്ടെല്ലുമായ സൂര്യകുമാര്‍ യാദവിന്‍റെയും ജസ്പ്രീത് ബുമ്രയുടെയും ടീമിനോടുള്ള കൂറിന് പുല്ലുവില കല്‍പ്പിച്ച മാനേജ്മെന്‍റ് ഹാര്‍ദ്ദിക്കിനെ നായകനാക്കി അവരോധിച്ചതില്‍ ആരാധകര്‍ കടുത്ത പ്രതിഷേധത്തിലുമാണ്. ഇതിന്‍റെ കൂടി ഭാഗമായാണ് ആരാധകര്‍ മുംബൈ ജേഴ്സിയും തൊപ്പിയും കത്തിക്കാന്‍ വരെ മുതിര്‍ന്നതെന്നാണ് കരുതുന്നത്.

നായക സ്വപ്നം പൊലിഞ്ഞ് സൂര്യയും ബുമ്രയും, ഹാർദ്ദിക്കിന് ഒന്നും എളുപ്പമാവില്ല; തുടർചലനങ്ങളില്‍ കണ്ണുനട്ട് ആരാധകർ

Scroll to load tweet…

ഹാര്‍ദ്ദക്കിനെ നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ രോഷം പ്രകടിപ്പിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണത്തിലും ഇന്നലെ കുറവുണ്ടായിരുന്നു. ഒന്നരലക്ഷം പേരാണ് ഹാര്‍ദ്ദിക്കിനെ നായകാനായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തത്. വരും ദിവസങ്ങളിലും ആരാധകര്‍ പ്രതിഷേധം തുടര്‍ന്നാല്‍ മുംബൈ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക