അവസാന 21 ഏകദിന ഇന്നിംഗ്‌സുകളില്‍ രോഹിത് പുറത്തെടുത്ത പ്രകടനമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 1139 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
കട്ടക്ക്: ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഫോം വീണ്ടെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിനത്തിലെ മുപ്പത്തിരണ്ടാം സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ രോഹിത് സ്വന്തമാക്കിയത്. രോഹിത് ശര്‍മയ്ക്കും ടീം ഇന്ത്യയ്ക്കും ആരാധകര്‍ക്കും ഇതായിരുന്നു വേണ്ടത്. പ്രതാപകാലത്തെ ബാറ്റിംഗ് ഫോം ഓര്‍മിപ്പിക്കുന്ന ഷോട്ടുകള്‍ ഒന്നൊന്നായി രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്നപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും കാഴ്ചക്കാരായി. 90 പന്തുകള്‍ മാത്രം നേരിട്ട താരം 119 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.
ഫ്‌ളഡ് ലൈറ്റുകള്‍ അല്‍പനേരം പണി മുടക്കിയെങ്കിലും രോഹിത്തിന്റെ താളം തെറ്റിയില്ല.മുപ്പത് പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയ രോഹിത് എഴുപത്തിയാറാം പന്തില്‍ മുപ്പത്തിരണ്ടാം ഏകദിന സെഞ്ച്വറിയില്‍. 2023 ലോകകപ്പിന് ശേഷം രോഹിത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറി. ഇതോടെ ഏകദിന സെഞ്ച്വറിവേട്ടക്കാരില്‍ മൂന്നാമനുമായി ഇന്ത്യന്‍ നായകന്‍. മുന്നില്‍ 50 സെഞ്ച്വറിയുള്ള വിരാട് കോലിയും 49 സെഞ്ച്വറിയുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രം. 90 പന്തില്‍ 119 റണ്‍സുമായി രോഹിത് മടങ്ങുമ്പോള്‍ ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യയുടെ പകുതി ആശങ്കയും ഇല്ലാതായി.
അപ്പോള്‍ അവസാന 21 ഏകദിന ഇന്നിംഗ്‌സുകളില്‍ രോഹിത് പുറത്തെടുത്ത പ്രകടനമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 1139 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്. 56.95 ശരാശരിയിലും 116.34 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. ഇതില്‍ സെഞ്ചുറിയും ഒമ്പത് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. അവസാന 15 ഏകദിനങ്ങൡ മാത്രം 119(90), 2(7), 35(20), 64(44), 58(47), 47(31), 47(29), 61(54), 40(24), 4(2), 87(101), 46(40), 48(40), 86(63), 131(84) എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോറുകള്‍. രോഹിത്തിന്റെ ഫോമുമായി ബന്ധപ്പെട്ട വന്ന ചില പോസ്റ്റുകള്‍ വായിക്കാം.
അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ രണ്ടാമത്തെ താരമാവാനും രോഹിത്തിന് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് 331 സിക്‌സുമായി ക്രിസ് ഗെയിലിന് ഒപ്പം ആയിരുന്നു രോഹിത്. രണ്ടാം ഓവറില്‍ അറ്റ്കിന്‍സനെ സിക്‌സര്‍ പറത്തിയാണ് രോഹിത്, വിന്‍ഡീസ് താരത്തെ മറികടന്നത്. രോഹിത്തിനിപ്പോള്‍ 338 സിക്‌സായി. 259 ഇന്നിംഗ്‌സിലാണ് രോഹിത്തിന്റെ നേട്ടം. 294 ഇന്നിംഗ്‌സില്‍ നിന്നാണ് ഗെയില്‍ 331 സിക്‌സ് നേടിയത്. 351 സിക്‌സര്‍ നേടിയിട്ടുള്ള ഷാഹിദ് അഫ്രീദിയാണ് ഒന്നാംസ്ഥാനത്ത്. 369 ഇന്നിംഗ്‌സില്‍ നിന്നാണ് അഫ്രീദി 351 സിക്‌സര്‍ നേടിയത്.

