മുംബൈ: ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍  റിലയന്‍സ് വണ്ണിനായി ഹര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിംഗ്സിനുശേഷം ഗ്രൗണ്ടിലേക്ക് ഇരയച്ചുകയറി ആയിരക്കണക്കിന് കാണികള്‍. ഹര്‍ദ്ദിക്കിനെ ഒരുനോക്ക് കാണാനായാണ് കാണികള്‍ ഗ്രൗണ്ട് കൈയേറിയത്.  ഇന്നലെ ബിപിസിഎല്ലിനെതിരെ നടന്ന മത്സരത്തില്‍ ഹര്‍ദ്ദിക് 55 പന്തില്‍ 158 റണ്‍സടിച്ചിരുന്നു.

മത്സരം റിലയന്‍സ് വണ്‍ ജയിച്ചശേഷം സമ്മാനദാന ചടങ്ങ് നടക്കുന്നതിനിടെയാണ് ഹര്‍ദ്ദിക്...ഹര്‍ദ്ദിക് വിളികളുമായി കാണികള്‍ ഗ്രൗണ്ട് കൈയേറിയത്. കാണികളില്‍ ചിലര്‍ ഹര്‍ദ്ദിക്കിനെ കാണാനായി ഡ്രസ്സിംഗ് റൂം വരെയെത്തുകയും ചെയ്തു. പരിക്കിന്റെ ഇടവേളക്കുശേഷം മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഹര്‍ക്കി സിഎജിക്കെതിരായ മത്സരത്തില്‍105 റണ്‍സടിച്ചിരുന്നു.

ഡിവൈ പാട്ടീല്‍ ട20 കപ്പിലെ വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ദ്ദിക് ഇടം പിടിക്കുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 12ന് ധര്‍മശാലയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം. തിങ്കളാഴ്ച സെലക്ടര്‍മാര്‍ പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.