Asianet News MalayalamAsianet News Malayalam

'അന്ന് 29 പന്തില്‍ 71, ഇന്നലെ 71 പന്തില്‍ 29, ശരിക്കും നിങ്ങളാരാണ്'; രഹാനെ അത്ഭുത പ്രതിഭാസമെന്ന് ആരാധകര്‍

പന്ത് കൊണ്ട് കൈയിലെ തള്ളവിരലിന് പരിക്കേറ്റെങ്കിലും പരിക്കേറ്റ വിരലില്‍ പ്ലാസ്റ്ററിട്ടാണ് രഹാനെ ബാറ്റ് ചെയ്തത്. ജഡേജ ആക്രമിച്ച് കളിച്ചപ്പോള്‍ നങ്കൂരമിട്ട് വിക്കറ്റ് കളയാതെ കളിക്കാനായിരുന്നു രഹാനെയുടെ ശ്രമം. ഇടക്ക് പാറ്റ് കമിന്‍സിന്‍റെ പന്തില്‍ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചെങ്കിലും നോ ബോളായതിനാല്‍ പുറത്തായില്ല.

Fans praises Ajinkya Rahane for his adaptability to play according to situation gkc
Author
First Published Jun 9, 2023, 8:55 AM IST

ഓവല്‍: ഐപിഎല്ലിന് തൊട്ടു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് കളിക്കാര്‍ക്ക് എത്രവേഗം ടെസ്റ്റ് മോഡിലേക്ക് മാറാനാവുമെന്നതായിരുന്നു ആരാധകരുടെ പ്രധാന ആശങ്ക. ഇംഗ്ലണ്ടില്‍ ഒരു മാസം മുമ്പെ എത്തി പരിശീലനം ആരംഭിച്ച ഓസ്ട്രേലിയക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുമെന്ന് ആരാധകര്‍  ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് 469 റണ്‍സില്‍ അവസാനിപ്പിച്ച് ക്രീസിലിറങ്ങിയ ഇന്ത്യക്ക് പക്ഷെ ബാറ്റിംഗ് പിഴച്ചു. ഐപിഎല്ലിലും ഫോം ഔട്ടായിരുന്ന രോഹിത് ശര്‍മ തുടക്കത്തിലെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ ശുഭ്മാന്‍ ഗില്‍ സ്കോട് ബോളന്‍ഡിന്‍റെ പന്തിന്‍റെ ഗതിയറിയാതെ ലീവ് ചെയ്ത് ക്ലീന്‍ ബൗള്‍ഡായി. ഐപിഎല്ലില്‍ കളിക്കാത്ത ചേതേശ്വര്‍ പൂജാരയാകട്ടെ ഒരു മാസമായി ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നെങ്കിലും ഗില്ലിനെ പോലെ ഗ്രീനിന്‍റെ പന്ത് ലീവ് ചെയ്ത് ബൗള്‍ഡായി. പിന്നീട് വിരാട് കോലിയുടെ ഊഴമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അപ്രതീക്ഷിത ബൗണ്‍സര്‍  കണക്കുകൂട്ടല്‍ തെറ്റിച്ചപ്പോള്‍ കോലിയുടെ പോരാട്ടം സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലൊതുങ്ങി.

ഔട്ടായി തിരിച്ചെത്തിയതിന് പിന്നാലെ തീറ്റയും കളി ചിരിയുമായി കോലി, കൂടെ ഇഷാനും ഗില്ലും; വിമര്‍ശനവുമായി ആരാധകര്‍

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജക്കൊപ്പം 71 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അജിങ്ക്യാ രഹാനെ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. പന്ത് കൊണ്ട് കൈയിലെ തള്ളവിരലിന് പരിക്കേറ്റെങ്കിലും പരിക്കേറ്റ വിരലില്‍ പ്ലാസ്റ്ററിട്ടാണ് രഹാനെ ബാറ്റ് ചെയ്തത്. ജഡേജ ആക്രമിച്ച് കളിച്ചപ്പോള്‍ നങ്കൂരമിട്ട് വിക്കറ്റ് കളയാതെ കളിക്കാനായിരുന്നു രഹാനെയുടെ ശ്രമം. ഇടക്ക് പാറ്റ് കമിന്‍സിന്‍റെ പന്തില്‍ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചെങ്കിലും നോ ബോളായതിനാല്‍ പുറത്തായില്ല.

ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 71 പന്തില്‍ 29 റണ്‍സുമായി ക്രീസിലുള്ള രഹാനെയിലാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷ. ഐപിഎല്ലില്‍ കണ്ട തകര്‍ത്തടിക്കുന്ന രഹാനെയെ ആയിരുന്നില്ല ഓവലില്‍ ഇന്നലെ കണ്ടത്.  ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 29 പന്തില്‍ 71 റണ്‍സടിച്ച് രഹാനെ ഞെട്ടിച്ചെങ്കില്‍ ഇന്നലെ 71 പന്തില്‍ 29 റണ്‍സുമായി പ്രതിരോധിച്ചു നിന്നാണ് രഹാനെ ആരാധകരെ അമ്പരപ്പിച്ചത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനുള്ള രഹാനെയുടെ മികവാണിതെന്ന് ആരാധകര്‍ പറയുന്നു. ഒപ്പം കൈവിരലിനും പരിക്കേറ്റിട്ടും പ്ലാസ്റ്ററിട്ട് ക്രീസില്‍ തുടരുന്ന രഹാനെയുടെ പോരാട്ടവീര്യത്തെയും ആരാധകര്‍ പ്രകീര്‍ത്തിച്ചു.

ഒന്നരവര്‍ഷമായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന രഹാനെ ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി രഹാനെ തകര്‍ത്തടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios