കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെതരായ ടി20 പരമ്പരക്ക് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വിത്തില്‍ ഇന്ത്യ ഇറങ്ങിയപ്പോള്‍ സഞ്ജു തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.

ഡബ്ലിന്‍: വെസ്റ്റ് ഇന്‍ഡീസിലെ സ്ലോ പിച്ചില്‍ നിന്ന് അയര്‍ലന്‍ഡിലെ ബാറ്റിംഗ് പിച്ചിലേക്ക് കളി മാറുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പ്രതീക്ഷയിലാണ്. അയര്‍ലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കമാകുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ബാറ്റിംഗ് നിര തകര്‍ത്തടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെതരായ ടി20 പരമ്പരക്ക് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വിത്തില്‍ ഇന്ത്യ ഇറങ്ങിയപ്പോള്‍ സഞ്ജു തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. സഞ്ജുവിന്‍റെ ടി20 കരിയറിലെ ഏക അര്‍ധസെഞ്ചുറിയുമാണിത്. അന്ന് ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോള്‍ 12 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് 12 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണറായി ഇറങ്ങി 47 റണ്‍സെടുത്ത ദീപക് ഹൂഡാണ് ആദ്യ മത്സരത്തില്‍ ടോപ് സ്കോററായത്. ആദ്യ മത്സരത്തില്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പറായി കളിച്ചത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇഷാന്‍ കിഷനൊപ്പം സഞ്ജുവിനെ ഓപ്പണറായി ഇറക്കി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനം ഹിറ്റായി. കിഷന്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും മൂന്നാം നമ്പറിലെത്തിയ ദീപക് ഹൂഡക്കൊപ്പം സഞ്ജു തകര്‍ത്തടിച്ചു. 57 പന്തില്‍ ഹൂഡ 104 റണ്‍സടിച്ചപ്പോള്‍ 42 പന്തില്‍ 77 റണ്‍സടിച്ച സഞ്ജുവിന്‍റെ ഇന്നിംഗ്സ് ഹൂഡയുടെ സെഞ്ചുറിയില്‍ മുങ്ങിപ്പോയി. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 20 ഓവറില്‍ 225 റണ്‍സടിച്ചെങ്കിലും തിരിച്ചടിച്ച അയര്‍ലന്‍ഡ് 20 ഓവറില്‍ 221 റണ്‍സെടുത്തു. നാലു റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

അവന് അര്‍ഹിച്ച അംഗീകാരം കൊടുത്തിട്ടില്ല, അവനില്ലാത്തതുകൊണ്ടാണ് 2019ലെ ലോകകപ്പ് സെമി തോറ്റത്-രവി ശാസ്ത്രി

ഇന്ത്യക്കായി ഇതുവരെ 22 ടി20 മത്സരങ്ങളില്‍ കളിച്ച സഞ്ജുവിന്‍റെ ഏക അര്‍ധസെഞ്ചുറിയുമാണിത്. അന്ന് സെഞ്ചുറിയടിച്ച ഹൂഡയേക്കാള്‍(182.46) സ്ട്രൈക്ക് റേറ്റ് സഞ്ജുവിന്(183.33) ഉണ്ടായിരുന്നു. എന്നാല്‍ ഹൂഡ അര്‍ധധസെഞ്ചുറിയെ സെഞ്ചുറിയാക്കി മാറ്റി കുറച്ചു കാലത്തേക്കെങ്കിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായപ്പോള്‍ സഞ്ജുവിന്‍റെ അര്‍ധസെഞ്ചുറിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയി.

അയര്‍ലന്‍ഡിനെതിരെ വീണ്ടുമൊരു പരമ്പരക്കിറങ്ങുമ്പോള്‍ സഞ്ജു അന്ന് തകര്‍ത്തടിച്ചതിന്‍റെ ഓര്‍മയിലാണ് ആരാധകരും. അന്ന് ദിനേശ് കാര്‍ത്തിക്കായിരുന്നു വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിന് വെല്ലുവിളിയായി ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബിനായി തിളങ്ങിയ ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള വെല്ലുവിളി. നാളെ തുടങ്ങുന്ന ടി20 പരമ്പരയില്‍ ആദ്യ മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് തന്നെ അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക