കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യൻ ടീമന്‍റെ ഭാഗമായിരുന്നെങ്കിലും അഭിമന്യു ഈശ്വനരന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാ ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറിയ സായ് സുദര്‍ശന്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ബിസിസിഐയുടെ പക്ഷപാതിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി മികവ് കാട്ടുകയും ഒട്ടേറെ പരമ്പരകളില്‍ ഇന്ത്യൻ ടീമിന്‍റെ ഭാഗമാകുകയും ചെയ്തിട്ടും അഭിമന്യു ഈശ്വരന് ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തിന് അവസരം നല്‍കാതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യൻ ടീമന്‍റെ ഭാഗമായിരുന്നെങ്കിലും അഭിമന്യു ഈശ്വനരന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എ ടീമിനെ നയിച്ച അഭിമന്യു ഈശ്വരന്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി തിളങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയതിന്‍റെ പേരില്‍ സായ് സുദര്‍ശന് ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. സായ് സുദര്‍ശനാകട്ടെ അരങ്ങേറ്റ ടെസ്റ്റില്‍ നിരാശപ്പെടുത്തുകയും ചെയ്തു.
നേരിട്ട ആദ്യ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച സായ് സുദര്‍ശന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഒരുക്കിയ ലെഗ് സ്റ്റംപ് കെണിയില്‍ വീഴുകയായിരുന്നു. ലെഗ് സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തിയശേഷം ലെഗ് സ്റ്റംപ് ലൈനില്‍ പന്തെറിഞ്ഞ സ്റ്റോക്സ് സുദര്‍ശനെ വിക്കറ്റിന് പിന്നില്‍ ജാമി സ്മിത്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ആദ്യ ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ് ലഞ്ചിന് പിരിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ 91 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ കെ എല്‍ രാഹുല്‍-യശസ്വി ജയ്സ്വാള്‍ സഖ്യം ഇന്ത്യക്ക് നല്ല തുടക്കാമണ് നല്‍കിയതിന് ശേഷമാണ് ഇന്ത്യക്ക് രാഹുലിനെയും സുദര്‍ശനെയും നഷ്ടമായത്.


