ലാബുഷെയ്നിനെ ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഉസ്മാന്‍ ഖവാജക്കൊപ്പം ഓപ്പണറായി പരീക്ഷിച്ചെങ്കിലും ആദ്യ ഇന്നിംഗ്സില്‍ 17ഉം രണ്ടാം ഇന്നിംഗ്ലില്‍ 22 ഉം റണ്‍സെടുത്ത് പുറത്തായിരുന്നു.

സിഡ്നി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് മാര്‍നസ് ലാബുഷെയ്ന്‍ പുറത്ത്. ലാബുഷെയ്നിന് പകരം 19കാരം സാം കോണ്‍സ്റ്റാസ് ആണ് ഓസീസ് ടീമില്‍ ഇടം നേടിയത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് സാം കോണ്‍സ്റ്റാസ് അരങ്ങേറിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത ലാബുഷെയ്ന്‍ 2023ലാണ് അവസാന ടെസ്റ്റ് സെഞ്ചുറി നേടിയത്.

മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ലാബുഷെയ്നിനെ ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഉസ്മാന്‍ ഖവാജക്കൊപ്പം ഓപ്പണറായി പരീക്ഷിച്ചെങ്കിലും ആദ്യ ഇന്നിംഗ്സില്‍ 17ഉം രണ്ടാം ഇന്നിംഗ്ലില്‍ 22 ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ നായകൻ ടെംബാ ബാവുമയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു. ഗ്രനഡയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സ്മിത്തിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബെയ്‌ലി വ്യക്തമാക്കി.

സ്റ്റീവ് സ്മിത്തിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസിനെയും ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തു. അതേസമയം സമപീകാലത്തായി മോശം ഫോമിലാണെങ്കിലും സീനിയര്‍ താരം ഉസ്മാന്‍ ഖവാജ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ നിരാശപ്പെടുത്തിയ ജോഷ് ഹേസല്‍വുഡും ടീമിലുണ്ട്. പാറ്റ് കമിന്‍സ് നായകനാകുന്ന ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഷോണ്‍ ആബട്ടും ഹേസല്‍വുഡും സ്കോട് ബോളണ്ടുമാണ് പേസര്‍മാര്‍. നഥാന്‍ ലിയോണും മാത്യു കുലെമാനുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ മൂന്നാം നമ്പറിലിറങ്ങി നിരാശപ്പെടുത്തി കാമറൂണ്‍ ഗ്രീനും ടീമിലുണ്ട്. ജൂണ്‍ 25ന് ബാര്‍ബഡോസിലാണ് ആദ്യ ടെസ്റ്റ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസ്‌ട്രേലിയ ടെസ്റ്റ് ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ്, ട്രാവിസ് ഹെഡ്, അലക്സ് കാരി, ബ്യൂ വെബ്‌സ്റ്റർ, മിച്ചൽ സ്റ്റാർക്ക്, ഷോൺ അബോട്ട്, സ്കോട്ട് ബോളണ്ട്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ, മാറ്റ് കുനെമാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക