മൊഹാലിയില്‍ സഞ്ജു സാംസണെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ഉള്‍പ്പെടുത്താനുള്ള അവസരം ടീം കളഞ്ഞുകുളിച്ചതായി ആരാധകരുടെ വിമര്‍ശനം

മൊഹാലി: ഇന്നലെ വന്ന വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ വരെ ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ കസേര ഉറപ്പിച്ച മട്ടാണ്, എന്നിട്ടും സഞ്ജു സാംസണിന് അവസരമില്ല. അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ട്വന്‍റി 20യിലെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ കണ്ട് കടുത്ത നിരാശ പങ്കുവെക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഫോമിലല്ലാത്ത ശുഭ്‌മാന്‍ ഗില്ലിന് എന്തിന് ഓപ്പണറായി വീണ്ടും അവസരം നല്‍കുന്നു എന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. ടീം സെലക്ഷനില്‍ സഞ്ജുവിനെ ഒരിക്കല്‍ക്കൂടി തഴഞ്ഞ ടീം മാനേജ്‌മെന്‍റിനെ നിര്‍ത്തിപ്പൊരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍. 

അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ട്വന്‍റി 20യില്‍ ജിതേഷ് ശര്‍മ്മയെ വിക്കറ്റ് കീപ്പറാക്കുമ്പോള്‍ സഞ്ജു സാംസണെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ഉള്‍പ്പെടുത്താനുള്ള അവസരമുണ്ടായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിന്. പരിക്ക് കാരണം ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ കളിക്കുന്നില്ല എന്നത് ഒരു കാരണം. ഓപ്പണിംഗില്‍ സഞ്ജുവിനെ പരിഗണിക്കാതെ ടീം അവസരം നല്‍കിയത് സമീപകാലത്ത് ടി20യില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറെ വിമര്‍ശനം കേട്ട ശുഭ്‌മാന്‍ ഗില്ലിനാണ്. തിലക് വര്‍മ്മയ്ക്കും വീണ്ടും അവസരം കിട്ടി. രണ്ടേരണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെ എടുത്ത് ഓള്‍റൗണ്ടര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മധ്യനിരയില്‍ സഞ്ജുവിന് സ്പെഷ്യലിസ്റ്റ് ബാറ്ററായി അവസരം നല്‍കാനുള്ള സാധ്യതയും കളഞ്ഞുകുളിച്ചു. നാലാം നമ്പര്‍ ബാറ്ററായി ഓള്‍റൗണ്ടര്‍ ശിവം ദുബെയെ വിളിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചെയ്തത്. 

പേസര്‍മാരായ അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, സ്പിന്നര്‍മാരായ രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിങ്ങനെ അഞ്ച് ബൗളിംഗ് ഓപ്ഷനുണ്ടായിട്ടും ആറാം ബൗളര്‍ എന്ന പരിഗണന വച്ചാണ് ഓള്‍റൗണ്ടര്‍ ദുബെയെ മൊഹാലിയില്‍ ഇറക്കിയത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴഞ്ഞുകൊണ്ടുള്ള ഈ തീരുമാനങ്ങളില്‍ ഒട്ടും സംതൃപ്തരല്ല ആരാധകര്‍. സഞ്ജു സാംസണിന് അവസരം നല്‍കാത്ത ബിസിസിഐ ടീം ഒരു തമാശയാണ് ആരാധകര്‍ പരിഹസിക്കുന്നു. ഇന്ത്യന്‍ ആരാധകരുടെ ചില പ്രതികരണങ്ങള്‍ ചുവടെ കൊടുക്കുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, തിലക് വര്‍മ്മ, ശിവം ദുബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍.

Read more: ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ആദ്യ ട്വന്‍റി 20: സഞ്ജു സാംസണ്‍ പുറത്തുതന്നെ! ടോസ് ജയിച്ച് രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം