വിശാഖപട്ടണം: ടെസ്റ്റ് ക്രിക്കറ്റിലെ കന്നി ഓപ്പണിംഗില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി അമ്പരപ്പിച്ചിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഇതോടെ ഹിറ്റ്‌മാനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് വിദഗ്‌ധരും ആരാധകരും. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും രോഹിത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഓപ്പണറായി ആദ്യ ഇറങ്ങിയ മത്സരത്തില്‍ വിശാഖപട്ടണത്ത് ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 127 റണ്‍സുമാണ് രോഹിത് അടിച്ചുകൂട്ടിയത്. മത്സരത്തിലാകെ 13 സിക്‌സുകളും ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. ഇതോടെയാണ് രോഹിത്തിനെ പ്രശംസിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്. 

എന്നാല്‍ ഗംഭീറിന്‍റെ വാക്കുകള്‍ ഒരു വിഭാഗം ആരാധകരെ അത്ര ത്രില്ലടിപ്പിച്ചില്ല. രോഹിത് ശര്‍മ്മയാണ് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്‌മാന്‍, മികച്ചവനും രോഹിത് തന്നെ. എന്നായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്. ഗംഭീറിന്‍റെ വാക്കുകള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോലി ആരാധകര്‍ രംഗത്തെത്തി. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ എന്ന് വിലയിരുത്തപ്പെടുന്ന കോലിയെയാണ് ട്വീറ്റിലൂടെ ഗംഭീര്‍ ലക്ഷ്യമിട്ടത് എന്നാണ് ഇക്കൂട്ടരുടെ വാദം.