നേരത്തെ എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റില്‍ ഇന്ത്യ, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഏഴ് വിക്കറ്റുമായി തിളങ്ങിയ സിറാജിനെ അഭിനന്ദിക്കാതിരുന്നതിന് ജയ് ഷായെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിമര്‍ശിച്ചിരുന്നു.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ ആറ് റണ്‍സിന്‍റെ ആവേശ ജയവുമായി ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയാക്കയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ. ഓവല്‍ ടെസ്റ്റില്‍ മാസ്മരിക ബൗളിംഗുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനാകുകയും ചെയ്ത പേസര്‍ മുഹമ്മദ് സിറാജിനെയും ഇത്തവണ പേരെടുത്ത് പറഞ്ഞ് ജയ് ഷാ അഭിനന്ദിച്ചുവെന്നതും ശ്രദ്ധേയമാണ്. നേരത്തെ എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റില്‍ ഇന്ത്യ, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഏഴ് വിക്കറ്റുമായി തിളങ്ങിയ സിറാജിനെ അഭിനന്ദിക്കാതിരുന്നതിന് ജയ് ഷായെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിമര്‍ശിച്ചിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ കെ എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ എന്നിവരെ പേരെടുത്ത് പറഞ്ഞ് അഭിന്ദിച്ച ജയ് ഷാ ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടിനെയും ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെയും എക്സ് പോസ്റ്റില്‍ അഭിനന്ദിച്ചു.
പരമ്പരയില്‍ റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ ശുഭ്മാന്‍ ഗില്ലിനും രണ്ട് സെഞ്ചുറികളുമായി തലമുറകളെ പ്രചോദിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത രാഹുലിനും ഓള്‍ റൗണ്ട് മികവുമായി 500 റണ്‍സിലധികം നേടിയ ജഡേജയെയും ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനെയും ജയ് ഷാ എക്സ് പോസ്റ്റില്‍ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു.
ഇതിന് പുറെ ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കാല്‍പ്പാദത്തിന് പരിക്കേറ്റിട്ടും ക്രീസിലിറങ്ങിയ റിഷഭ് പന്തിനെയും ഓവല്‍ ടെസ്റ്റില്‍ പരിക്കേറ്റ കൈയുമായി ഒരു കൈ കൊണ്ട് ബാറ്റ് പിടിച്ച് അവസാന ബാറ്ററായി ക്രീസിലെത്തിയ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സിനെയും ജയ് ഷാ അഭിന്ദിച്ചിട്ടുണ്ട്.


