മുംബൈ ടെസ്റ്റിന് പിന്നാലെ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കൈഫ് കിവീസ് താരത്തെ ഇകഴ്ത്തി സംസാരിച്ചത്.
ലഖ്നൗ: ഇന്ത്യക്കെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് വീഴ്ത്തി ന്യൂസിലന്‍ഡിന്‍റെ വിജയശില്‍പിയായ അജാസ് പട്ടേലിനെ ഇകഴ്ത്തി സംസാരിച്ച മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫിനെതിരെ രൂക്ഷ വിമര്‍ശനം. മുംബൈ ടെസ്റ്റിന് പിന്നാലെ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കൈഫ് കിവീസ് താരത്തെ ഇകഴ്ത്തി സംസാരിച്ചത്. അജാസ് പട്ടേലിനെപ്പോലയുള്ള സ്പിന്നര്‍മാര്‍ ഇന്ത്യയിലെ ലോക്കല്‍ ക്ലബ്ബുകളില്‍ പോലുമുണ്ടാകുമെന്നും കിവീസ് ബൗളര്‍മാരുടെ മിടുക്കല്ല ഇന്ത്യൻ ബാറ്റര്‍മാരുടെ കഴിവുകേടുകൊണ്ടാണ് ഇന്ത്യ ടെസ്റ്റ് തോറ്റതെന്നും കൈഫ് പറഞ്ഞിരുന്നു.
അജാസ് പട്ടേലും ഗ്ലെന്‍ ഫിലിപ്സുമാണ് മുംബൈ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്തത്. ഞാനൊരു സത്യം പറയട്ടെ, ഇവരെപ്പോലെയുള്ള സ്പിന്നര്‍മാരെ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് അക്കാദമികളില്‍ പോലും കാണാനാവും. അജാസ് പട്ടേലിന്‍റെ പിച്ച് മാപ്പ് നോക്കു, അയാള്‍ രണ്ട് ഷോര്‍ട്ട് ബോള്‍, രണ്ട് ഫുള്‍ടോസുമാണ് ഒരോവറില്‍ എറിഞ്ഞത്. രണ്ട് ലെങ്‌ത് ബോളുകള്‍ മാത്രമാമാണ് അയാളുടെ ഓവറിലുണ്ടായിരുന്നത്. ഈ രണ്ട് പന്തുകളിലാണ് നമ്മുടെ വിക്കറ്റുകള്‍ നഷ്ടമായത്.
പിന്നെ പാര്‍ട് ടൈം സ്പിന്നറായ ഗ്ലെന്‍ ഫിലിപ്സിന്‍റെ കാര്യം, നല്ല പന്തുകള്‍ എങ്ങനെ എറിയണമെന്നുപോലും അറിയാത്ത പാര്‍ട് ടൈം സ്പിന്നറാണ് അയാള്‍.നമ്മള്‍ ടെസ്റ്റ് തോറ്റത് പാര്‍ട് ടൈം സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ്. പന്ത് എവിടെ എറിയണമെന്ന് പോലും നിശ്ചയമില്ലാത്ത അജാസ് പട്ടേല്‍ മുംബൈയിലെ വാംഖഡെയില്‍ മാത്രം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒരോവറില്‍ രണ്ട് നല്ല പന്തുകളെറിയുകയും ആ പന്തില്‍ നമുക്ക് വിക്കറ്റ് നഷ്ടമാകുകയുമാണ് ചെയ്തത്. അവസാന ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി നാണക്കേടാണ്. കാരണം, മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് പറയാന്‍ ഒരു ബൗളര്‍ പോലുമില്ലായിരുന്നുവെന്നും കൈഫ് പറഞ്ഞു.
എന്നാല്‍ കൈഫിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങൾ കളിക്കുന്ന കാലത്ത് നിങ്ങളുടെ ബാറ്റിംഗിനെ കുറിച്ച് ഏതെങ്കിലും ഓസ്ട്രേലിയന്‍ താരം ഇത്തരമൊരു കമന്‍റ് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്താമ് തോന്നുക എന്ന് ആരാധകര്‍ ചോദിച്ചു. ഒരു കളിക്കാരനെ അപമാനിക്കുന്നതിന് തുല്യമാണ് കൈഫിന്‍റെ പരാമര്‍ശമെന്നും ആരാധകര്‍ പറഞ്ഞു. അഭിനന്ദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അപമാനിക്കാതെയെങ്കിലും ഇരുന്നൂടെയെന്നും ആരാധകര്‍ പറഞ്ഞു.
