ബാറ്ററെന്ന നിലയില്‍ ടീമില്‍ തുടരാന്‍ രോഹിത് ഒരു കാരണവശാലും അര്‍ഹനല്ലന്നും ക്യാപ്റ്റന്‍സി ക്വാട്ടയില്‍ മാത്രമാണ് രോഹിത് തുടരുന്നതെന്നും ആരാധകര്‍
പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയ ഭീതിയിലായതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ രോഹിത്തിന്‍റെ ഡിഫന്‍സീവ് ക്യാപ്റ്റൻസിക്കെതിരെയു ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ആദ്യ ഇന്നിംഗ്സില്‍ 153 റണ്‍സ് ലീഡ് നേടിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ തുടക്കത്തിലെ ആക്രമിക്കുന്നതിന് പകരം ഡിഫൻസീവ് ഫീല്‍ഡ് സെറ്റിംഗാണ് രോഹിത് നടത്തിയതെന്നാണ് പ്രധാന വിമര്‍ശനം.
ഇക്കാര്യം കമന്‍ററിക്കിടെ രവി ശാസ്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് രോഹിത് ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ബൗളിംഗ് തുടങ്ങിയത്. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് മതിയായ പിന്തുണ നല്‍കുന്ന ഫീല്‍ഡ് പ്ലേസ്മെന്‍റായിരുന്നില്ല രോഹിത് നടത്തിയത്. സ്ലിപ്പിലും ലെഗ് സ്ലിപ്പിലും മാത്രം ഫീല്‍ഡറെ നിര്‍ത്തിയശേഷം കിവീസ് ബാറ്റര്‍മാര്‍ക്ക് അനായാസം സിംഗിളെടുത്ത് കളിച്ച് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ അവസരം നല്‍കിയതിനെതിരെയും ആരാധകര്‍ വിമര്‍ശിച്ചു.
ബാറ്ററെന്ന നിലയില്‍ ടീമില്‍ തുടരാന്‍ രോഹിത് ഒരു കാരണവശാലും അര്‍ഹനല്ലന്നും ക്യാപ്റ്റന്‍സി ക്വാട്ടയില്‍ മാത്രമാണ് രോഹിത് തുടരുന്നതെന്നും ആരാധകര്‍ കുറിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്ന അഭിമന്യു ഈശ്വരനാണ് രോഹിത്തിനെക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നതെന്നും ആരാധകര്‍ പറഞ്ഞു. സ്പിന്‍ പിച്ചില്‍ മൂന്ന് മുന്‍നിര സ്പിന്നര്‍മാരുണ്ടായിട്ടും അവരെ ശരിയായി ഉപയോഗിക്കാന്‍ ക്യാപ്റ്റനായില്ലെന്നും വിമര്‍ശനമുണ്ട്.
പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് 259 റണ്‍സില്‍ അവസാനിപ്പിച്ചെങ്കിലും ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 156 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ആദ്യ ടെസ്റ്റില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായി തോറ്റതോടെ ഈ ടെസ്റ്റും തോറ്റാല്‍ പരമ്പര കൈവിടുമെന്ന ഭീഷണിയിലാണ് ഇന്ത്യ.
