മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കുള്ള വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ശ്രദ്ധേയമായ അസാന്നിധ്യം മുന്‍ നായകന്‍ എം എസ് ധോണിയുടേതായിരുന്നു. കരാര്‍ കാലാവധിയായ സെപ്റ്റംബര്‍ മുതല്‍ ധോണി ഇന്ത്യക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്തതിനാലാണ് ധോണിയെ കരാറില്‍ നിന്നൊഴിവാക്കിയതെന്നാണ് ബിസിസിഐയുടെ വിശദീകരണം. എന്നാല്‍ കരാറിലേര്‍പ്പെട്ട താരങ്ങളുടെ ലിസ്റ്റില്‍ മലയാളികള്‍ തെരഞ്ഞത് സഞ്ജു സാംസണിന്റെ പേരായിരുന്നു.

ബംഗ്ലാദേശിനും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ എട്ടു മത്സരങ്ങളില്‍ റിസര്‍വ് ബെഞ്ചിലിരുന്നശേഷം ശ്രീലങ്കക്കെതിരെ ഒരു ടി20 മത്സരത്തില്‍ മാത്രം അവസരം നല്‍കിയശേഷം സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ വാര്‍ഷിക കരാറിനും ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചില്ല. നിലവില്‍ ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമില്‍ അംഗമാണ് സഞ്ജു.

എന്നാല്‍ ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജുവിന്റെ ഒരു ട്വീറ്റ് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. വെറുതെ ഒരു കോമ മാത്രമായിരുന്നു സഞ്ജു ട്വീറ്റ് ചെയ്തത്.  എന്നാല്‍ ഇതിന് പല വ്യാഖ്യാനങ്ങളാണ് ആരാധകര്‍ നല്‍കുന്നത്. പ്രതീക്ഷ കൈവിടരുതെന്നും ലക്ഷ്യത്തിന് അടുത്താണെന്ന് തിരിച്ചറിയണമെന്നും ഒരു ആരാധകന്‍ പ്രതികരിച്ചപ്പോള്‍ എന്തായാലും കോമയല്ലെ, ഫുള്‍ സ്റ്റോപ്പ് അല്ലല്ലോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി.