ഏറെ കാലമായി ഇംഗ്ലണ്ടിലാണ് ഫാറൂഖ് എഞ്ചിനീയര്‍ താമസം. ഐസിസി അക്രഡിറ്റേഷന്‍ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ഡോ: കൃഷ്ണ കിഷോറുമായി സംസാരിക്കുകയാണ് അദ്ദേഹം.

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് താരങ്ങളുടെ ഒഴുക്കാണ്. ലോകമെമ്പാടുനിന്നും ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ ആരവങ്ങള്‍ മുഴക്കി ഇന്ത്യന്‍ ടീമിന് പിന്തുണ നല്‍കുന്നു. ഓവല്‍ വിഐപി പവിലിയനില്‍ ഇന്ത്യക്ക് ഉറച്ച പിന്തുണയുമായി ഒരു ഇതിഹാസമുണ്ട് - പാര്‍സി സമൂഹത്തില്‍ നിന്ന് അവസാനമായി ഇന്ത്യക്ക് വേണ്ടി കുപ്പായമണിഞ്ഞ ഫാറൂഖ് എഞ്ചിനീയര്‍. ഏറെ കാലമായി ഇംഗ്ലണ്ടിലാണ് താമസം. ഐസിസി അക്രഡിറ്റേഷന്‍ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ഡോ: കൃഷ്ണ കിഷോറുമായി സംസാരിക്കുകയാണ് അദ്ദേഹം.

പക്ഷെ ഇന്ത്യന്‍ ടീം എപ്പോഴക്കെ ഇവിടെയെത്തുന്നു, അപ്പോഴൊക്കെ ഈ മുന്‍ ഇന്ത്യന്‍ താരം സാന്നിധ്യമറിയിക്കും. ലോക ടെസ്റ്റ് ഫൈനലില്‍ ഓസീസിനോട് പോരാടുന്ന ഇന്ത്യയെ പറ്റി ഏറെ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ഇന്ന് വേറെ തലത്തിലാണ്. കടുത്ത മത്സരം നിലനില്‍ക്കുന്ന ക്രിക്കറ്റ് ലോകത്ത് ഇന്ത്യ തന്നെ അജയ്യര്‍. അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷെ ഓവലിലെ ഇന്ത്യന്‍ തീരുമാനങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് തെറ്റ്. ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ അശ്വിനെ ഉള്‍പെടുത്താത്ത തീരുമാനം അതിലും വലിയ തെറ്റാണെന്നാണ് ഫാറൂഖ് പറയുന്നത്. 

ഇന്ത്യക്ക് വേണ്ടി 46 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഫാറൂഖ് 2611 റണ്‍സ് നേടി. രണ്ട് സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 121 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള ഫാറൂഖ് 114 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 54 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടിയും ലങ്കാഷെയറിലും ഫാറൂഖ് കളിച്ചിട്ടുണ്ട്.

അതേസമയം, ക്രിക്കറ്റ് ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഓവല്‍, ലോക ടെസ്റ്റ് ഫൈനലിന് ഇന്ത്യക്കാര്‍ കൈയടക്കിയിരിക്കയാണ്. ഇന്ത്യന്‍ ആരാധകരുടെ വന്‍ സാന്നിധ്യം ഇന്ത്യന്‍ ടീമിനും ആവേശം പകരുന്നു. 25000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണ് കെന്നിംഗ്ടണ്‍ ഓവല്‍ ഇതില്‍ 80 ശതമാനം പേരും ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസിനെത്തിയപ്പോഴും മുഹമ്മദ് ഷമി ഓസീസ് താരം മര്‍നസ് ലബുഷെയ്‌നിന്റെ സ്റ്റംപ് പിഴുതപ്പോഴും ഇന്ത്യന്‍ ആരാധകര്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം മാറിയപ്പോള്‍ ഇന്ത്യയുടെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി. മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്ത്- ട്രാവിസ് ഹെഡ് സഖ്യം മനോഹരമായി ഓസീസിനെ മുന്നില്‍ നിന്ന് നയിച്ചു. ഇരുവരും 251 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 327 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്ത് (95), ട്രാവിസ് ഹെഡ് (146) ഇപ്പോഴും ക്രീസിലുണ്ട്. രണ്ട് സെഷനിലും ഇരുവരേയും പുറത്താക്കാന്‍ സാധിക്കാന്‍ കഴിയാതെ വന്നതോടെ ഗ്യാലറിയില്‍ അശ്വിന് വേണ്ടി ആവശ്യമുയര്‍ന്നു. ആരാധകര്‍ അശ്വിന്റെ പേര് വിളിച്ചുതുടങ്ങി. അശ്വിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യങ്ങളുയര്‍ന്നു. 

അശ്വിന്റെ അഭാവം അറിയാനുണ്ട്! ഇന്ത്യക്ക് പിഴച്ചോ? സ്പിന്നര്‍ക്ക് വേണ്ടി ആര്‍ത്തുവളിച്ച് തിങ്ങികൂടിയ ആരാധകര്‍

ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് അശ്വിന്‍. അദ്ദേഹത്തിന് ഓസീസിനെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. മാത്രമല്ല, ഓസ്‌ട്രേലിയന്‍ നിരയില്‍ നാല് ഇടങ്കയ്യന്മാരാണ് കളിക്കുന്നത്. ഇടങ്കയ്യന്മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള അശ്വിനെ എന്തിന് മാറ്റിനിര്‍ത്തിയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.