ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം എവര്‍ട്ടണ്‍ വീക്ക്‌സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മോശം അവസ്ഥയിലായിരുന്ന വീക്ക്സിന് 95 വയസായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം. വിന്‍ഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച 'ത്രീ ഡബ്ല്യൂസി'ലെ പ്രധാന താരവും വീക്ക്സായിരുന്നു. ബാര്‍ബഡോസില്‍ ജനിച്ച ക്ലൈഡ് വാല്‍ക്കോട്ട്, ഫ്രാങ്ക് വോറെല്‍, വീക്ക്സ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് 'ത്രീ ഡബ്ല്യൂസ്.' ഇതില്‍ വോറെല്‍ 1967-ലും വാല്‍ക്കോട്ട് 2006-ലും അന്തരിച്ചു. കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവെന്നാണ് വീക്ക്സ് അറിയപ്പെട്ടിരുന്നത്. 

1948 മുതല്‍ 58വരെയാണ് വീക്ക്‌സ് വിന്‍ഡീസിനായി കളിച്ചത്. 58.62 ശരാശരിയില്‍ 4,455 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 15 സെഞ്ചുറികളും അടിച്ചുകൂട്ടി. 22-ാം വയസില്‍ കെന്നിങ്ടണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു വീക്ക്‌സ് അരങ്ങേറ്റം. ട്രിനിഡാഡില്‍ പാകിസ്ഥാനെതിരെ ആയിരുന്നു അവസാന മത്സരം.

തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടി റെക്കോഡിട്ട താരമാണ് വീക്ക്‌സ്. 1948-ല്‍ ഇംഗ്ലണ്ടിനെതിരെ (ജമൈക്കയില്‍ 141) ആയിരുന്നു ആദ്യ സെഞ്ചുറി. അതേവര്‍ഷം ഇന്ത്യക്കെതിരെയായിരുന്നു അടുത്ത സെഞ്ചുറികള്‍. ഡല്‍ഹി (128), മുംബൈ (194), കൊല്‍ക്കത്ത (162, 101) എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. തുടരെ ആറാം സെഞ്ചുറി എന്ന റെക്കോഡിനടുത്ത് വീക്ക്‌സ് എത്തിയെങ്കിലും 90 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടാകുകയായിരുന്നു. മദ്രാസിലായിരുന്നു മത്സരം.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സെടുത്ത താരം കൂടിയാണ് വീക്ക്‌സ്. ഈ റെക്കോഡ് ഇംഗ്ലണ്ടിന്റെ ഹെബെര്‍ട്ട് സറ്റ്ക്ലിഫെയ്ക്കൊപ്പം പങ്കിടുകയാണ് വീക്ക്‌സ്. 100 റണ്‍സ് തികയ്ക്കാനായി ഒമ്പതു ടെസ്റ്റുകളിലെ 12 ഇന്നിങ്സുകളേ ഇരുവര്‍ക്കും വേണ്ടി വന്നുള്ളൂ.

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം അംഗവും കൂടിയാണ്. വീക്ക്സിന്റെ വിയോഗത്തില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അനുശോചനം രേഖപ്പെടുത്തി.