ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവ ഇന്ന് ഹൈദരാബാദിനെ നേരിടും.വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ഹൈദരാബാദ് എഫ് സി. പ്ലേ ഓഫ് പ്രതീക്ഷ നീട്ടിയെടുക്കാന്‍ എഫ് സി ഗോവ. ഒന്‍പതാം പോരിനിറങ്ങുന്ന ഗോവ 11 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്ത്. ഒരു മത്സരം കുറച്ച് കളിച്ച ഹൈദരാബാദ് ഒന്‍പത് പോയിന്റുമായി എട്ടാമതും. 

പ്രതിരോധത്തിലെ പിഴവുകളാണ് അവസാന മത്സരങ്ങളില്‍ ഗോവയ്ക്ക് തിരിച്ചടിയായത്. പത്ത് ഗോള്‍ നേടിയെങ്കിലും ഒന്‍പതെണ്ണം വഴങ്ങുകയും ചെയ്തു. ആകെയുള്ളത് ഒറ്റ ക്ലീന്‍ ഷീറ്റ് മാത്രവും. എട്ട് ഗോളുമായി ലീഗിലെ ടോപ് സ്‌കോററായ ഇഗോര്‍ അന്‍ഗ്യൂലോയെ ആണ് ഗോവ ഇന്നും ഉറ്റുനോക്കുന്നത്. ലെന്നി റോഡ്രിഗസ്, എഡു ബെഡിയ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. 

ഹൈദരാബാദ് ആറ് ഗോള്‍ നേടിയപ്പോള്‍ എട്ട് ഗോള്‍ വാങ്ങിക്കൂട്ടി. തുടക്കത്തിലേ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഹൈദരാബാദിന്, ലൂയിസ് സാര്‍ത്രേയും ജോയല്‍ ചിയാനീസും തിരിച്ചെത്തുന്നത് ആശ്വാസമാവും. കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗോവയ്ക്കായിരുന്നു.