മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഫെഡറര്‍ക്കൊപ്പം നോവാക് ജോക്കോവിച്ച്, മിലാസ് റാവോണിച്ച്, ടെന്നിസ് സാന്റ്ഗ്രന്‍ എന്നിവരും ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ അഷ്‌ലി ബാര്‍ട്ടിയും നാലാം റൗണ്ടില്‍ കടന്നിട്ടുണ്ട്. അതെസമയം കൗമാരതാരം കൊകൊ ഗൗഫ് നാലാം റൗണ്ടില്‍ മടങ്ങി.

ഹംഗറിയുടെ മര്‍ട്ടോണ്‍ ഫുസോവിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 6-4, 1-6, 2-6, 2-6. 12ാം സീഡ് ഫാബിയോ ഫോഗ്നിനിയെ അട്ടിമറിച്ചാണ് അമേരിക്കന്‍ താരം സാന്റ്‌ഗ്രെന്‍ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 7-6, 7-5, 6-7, 6-4. ജോക്കോവിച്ചാവട്ടെ അര്‍ജന്റൈന്‍ താരം ഷോര്‍ട്ട്‌സ്മാനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 3-6, 4-6, 4-6. മരീന്‍ സിലിച്ചിനെ തോല്‍പ്പിച്ചാണ് റാവോണിച്ച് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-4, 6-3, 7-5.

നവോമി ഒസാക്കയെ അട്ടിമറിച്ചെത്തിയ കൗമാരവിസ്മയം ഗൗഫിന്റെ പോരാട്ടം നാലാം റൗണ്ടില്‍ അവസാനിക്കുകയായിരുന്നു. അമേരിക്കയുടെ തന്നെ സോഫിയ കെനിനാണ് ഗൗഫിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6, 3-6, 0-6. ബാര്‍ട്ടി അമേരിക്കയുടെ അലിസണ്‍ റിസ്‌കെയുടെ വെല്ലുവിളി മറികടന്നു. സ്‌കോര്‍ 6-3, 1-6, 6-4.