ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു വീഡിയോയില്‍ പറയുന്നു. മഞ്ഞ ജേഴ്സി ധരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ വിഖ്യാതമായ മഞ്ഞ ജേഴ്സി ധരിച്ചു നില്‍ക്കുന്ന സഞ്ജു സാംസണിന്‍റെ പുതിയ വീഡിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്നലെ സഞ്ജുവിനെ സ്റ്റൈലായി അവതരിപ്പിക്കുന്ന വീഡിയോ ചെന്നൈ പുറത്തുവിട്ടതിന്‍റെ ഓളം അടങ്ങും മുമ്പാണ് പുതിയ വീഡിയോയയുമായി സൂപ്പര്‍ കിംഗ്സ് രംഗത്തെത്തിയത്.

ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു വീഡിയോയില്‍ പറയുന്നു. മഞ്ഞ ജേഴ്സി ധരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. കടും നിറങ്ങളായ കറുപ്പ്, നീല, ബ്രൗൺ നിറങ്ങളുള്ള ജേഴ്സികളൊക്കെ ധരിച്ചിട്ടുണ്ടങ്കിലും മഞ്ഞ ജേഴ്സി ധരിക്കുന്നത് പ്രത്യേക വികാരമാണ്. സത്യസന്ധമായി പറഞ്ഞാല്‍, ചെന്നൈ ജേഴ്സി ധരിച്ചാല്‍ എങ്ങനെ ഉണ്ടാവുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ചെന്നൈ ജേഴ്സി ധരിച്ചതോടെ ശുഭചിന്തയാണ് മനസില്‍ തോന്നുന്നത്, ഒപ്പം സന്തോഷവും ഒരു വ്യത്യസ്തയുമൊക്കെ തോന്നുന്നുണ്ട്. ചെന്നൈ ജേഴ്സി ധരിക്കുന്നത് തന്നെ പ്രത്യേക ഉര്‍ജ്ജമാണ്. ഇപ്പോഴൊരു ചാമ്പ്യനെപ്പോലെ തോന്നുന്നു, വൗ... എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

View post on Instagram

ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടില്ലാത്ത അത്രയും മാസ് നൽകിയായിരുന്നു ചെന്നൈ ഇന്നലെ സഞ്ജുവിനെ അവതരിപ്പിച്ചത്. സംവിധാകനും സഞ്ജുവിന്‍റെ അടുത്ത സുഹൃത്തുമായ ബേസിൽ ജോസഫിനെ അണിനിരത്തിയായിരുന്നു സഞ്ജുവിന്‍റെ ലോഞ്ചിംഗ് വീ‍ഡിയോ സിഎസ്കെ ഇന്നലെ പുറത്ത് വിട്ടിട്ടുള്ളത്. അപ്പോൾ ഇനി നമ്മുടെ പയ്യൻ യെല്ലോ, കൂടെ നമ്മളും എന്നുള്ള ബേസിലിന്‍റെ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

View post on Instagram

ഇതിനിടെ സഞ്ജുവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരുമിച്ചുള്ള ചിത്രവും കാണിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. താരലേലത്തിന് മുമ്പ് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് 18 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക