പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന ഹാര്‍ദ്ദിക്ക് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് ടി20 മത്സരങ്ങളില്‍ മാത്രമായിരിക്കും ഇന്ത്യക്കായി കളിക്കുക.

മുംബൈ: ഈ മാസം അവസാനം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നതിലാനാലാണ് പ്രഖ്യാപനം വൈകുന്നത് എന്നാണ് സൂചന. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പേസര്‍ ജസ്പ്രീത് ബുമ്രയും കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന ഹാര്‍ദ്ദിക്ക് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് ടി20 മത്സരങ്ങളില്‍ മാത്രമായിരിക്കും ഇന്ത്യക്കായി കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ബുമ്രയുടെ ജോലിഭാരം കുറക്കുന്നതിനായാണ് ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കുന്നത് എന്നാണ് സൂചന. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ പാണ്ഡ്യക്ക് പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരവും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നഷ്ടമായിരുന്നു. 

ടി20 ടീമില്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായി മത്സരക്ഷമത തെളിയിക്കാനായി പാണ്ഡ്യ ഈ മാസം 25ന് തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ ബറോഡക്കായി കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കും. ടി20 ലോകകപ്പ് കണക്കിലെടുത്ത് ഇതിലും പാണ്ഡ്യയും ബുമ്രയും കളിക്കാനിടയില്ലെന്നാണ് സൂചന.

ഗില്ലിന്‍റെ പകരക്കാരന്‍ ആര്

പരിക്കുള്ള ക്യാപ്റ്റൻ ശുഭ്മാന്‍ ഗിൽ ഏകദിന പരമ്പരയില്‍ കളിച്ചില്ലെങ്കില്‍ പകരം ആര് നായകനാകുമെന്ന ചോദ്യവും സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യരും പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ല. ഈ സാഹചര്യത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ തന്നെ വീണ്ടും നായകനാക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നക്. കെ എല്‍ രാഹുലിനെയും ഗില്ലിന് പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക