ടീം സ്കോർ 24ൽ നിന്ന് ഒത്തുചേർന്ന ഇരുവരും 100ലാണ് പിരിയുന്നത്. കൃത്യമായ ഇടവേളകളിൽ ഇവരെ പുറത്താക്കാൻ ലഭിച്ച അവസരം മുതലെടുത്തിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ. 

പെർത്ത്: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ വിജയത്തിന് തടസ്സമായത് ഫീൽഡിങ്ങിലെ പിഴവുകളും. 133 എന്ന ദുർബല സ്കോറിനെ പ്രതിരോധിച്ച് ബൗളർമാർ മികച്ച രീതിയിൽ പന്തെറിയുകയും തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റർ ക്വിന്റൺ ഡി കോക്കിനെ(3) അർഷദീപ് രാഹുലിന്റെ കൈകളിലെത്തിക്കുകയും തൊട്ടുപിന്നാലെ കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ റെലീ റൂസോവിനെ(0) അർഷദീപ് എൽബിയിൽ പുറത്താക്കുകയും ക്യാപ്റ്റൻ ബാവുമയെ ഷമിയും പുറത്താക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. എന്നാല്‍ മൂന്ന് റണ്‍ ഔട്ടുകളും ക്യാച്ചും ബൗണ്ടറി തടയുന്നതിലെ അലസതയും ഇന്ത്യയുടെ വിജയത്തിന് തടസ്സമായി. 

എയ്ഡൻ മാർക്രമും ഡേവിഡ് മില്ലറും ഇന്നിങ്സ് ഉയർത്തി. എന്നാൽ, അശ്വിൻ എറിഞ്ഞ പതിനൊന്നാമത്തെ ഓവറിലെ അവസാന പന്തിലാണ് ഇന്ത്യക്ക് ഫീൽഡിൽ ആദ്യത്തെ അബദ്ധം പറ്റിയത്. അശ്വിനെ ഡീപ് മിഡ് വിക്കറ്റിലേക്ക് സിക്സറടിക്കാനുള്ള മാർക്രമിന്റെ ശ്രമം കോലിയുടെ കൈകളിൽ അവസാനിക്കേണ്ടതായിരുന്നു. യാതൊരു ആയാസവുമില്ലാതെ ഏത് ഫീൽഡർക്കും കൈയിലൊതുക്കാവുന്ന സിംപിൾ ക്യാച്ച് കോലി നിലത്തിട്ടു. ഫീൽഡിൽ പറന്നുപിടിക്കുന്ന കോലിയിൽ നിന്ന് ഇത്തരമൊരബദ്ധം കൊച്ചുകുട്ടികൾ പോലും പ്രതീക്ഷിച്ചു കാണില്ല. തകർത്തടിച്ച മാർക്രം പിന്നീട് അർധസെഞ്ച്വറി നേടി 16ാമത്തെ ഓവറിലാണ് പുറത്താകുന്നത്.

മുഹമ്മദ് ഷമിയെറിഞ്ഞ 12ാം ഓവറിലെ അവസാന പന്തിലാണ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ഉന്നം പിഴച്ചത്. ബൗൺസർ മില്ലർ കവർ ഓഫിലേക്ക് തട്ടിയിട്ട് സിം​ഗിളിനോടി. പന്ത് നേരെ രോഹിത് ശർമയുടെ കൈയിലേക്ക്. നോൺ സ്ട്രൈക്ക് എൻഡിലേക്ക് ഓടിയെത്തുന്ന മില്ലർ സ്റ്റംപിൽ നിന്ന് ഏറെ അകലെ. മില്ലറുടെ മുന്നിൽ ഓടി സ്റ്റംപിലേക്ക് രോഹിത് എറിഞ്ഞത് ഉന്നം തെറ്റി അകലേക്ക്. അപ്പോഴും ഒരുമീറ്ററോളും പിന്നിലായിരുന്നു മില്ലർ. ജീവൻ ലഭിച്ച മില്ലർ അർധസെഞ്ച്വറിയും നേടി കളിയും ജയിപ്പിച്ചാണ് മടങ്ങിയത്. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പിന്നെയും റണ്ണൗട്ട് അവസരം പാഴാക്കി. ദക്ഷിണാഫ്രിക്കൻ വിജയത്തിന് അടിത്തറയിട്ട കൂട്ടുകെട്ടാണ് മാർക്രമും മില്ലറും പടുത്തുയർത്തിയത്. ടീം സ്കോർ 24ൽ നിന്ന് ഒത്തുചേർന്ന ഇരുവരും 100ലാണ് പിരിയുന്നത്. കൃത്യമായ ഇടവേളകളിൽ ഇവരെ പുറത്താക്കാൻ ലഭിച്ച അവസരം മുതലെടുത്തിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ. ഇന്ത്യയുടെ നിലവാരം കുറഞ്ഞ ഫീല്‍ഡിങ്ങിനെ വിമര്‍ശിച്ച് താരങ്ങളും ആരാധകരും ട്വിറ്ററില്‍ രംഗത്തെത്തി. 

കില്ലര്‍ മില്ലര്‍ ഫിനിഷിംഗ്; ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി