സെഞ്ചുറിയിലേക്ക് നീങ്ങിയ ഗില്ലിനെ പതിനേഴാം ഓവറില്‍ ബ്രിജേഷ് ശര്‍മ പുറത്താക്കിയത് രാജസ്ഥാന് ആശ്വസമായി. 9 ഫോറും 3 സിക്സും പറത്തിയാണ് ഗില്‍ 44 പന്തില്‍ 84 റണ്‍സെടുത്തത്.

ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 230 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സടിച്ചു. 44 പന്തില്‍ 84 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സായ് സുദര്‍ശൻ 36 പന്തില്‍ 55 റണ്‍സെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 20 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രാഹുല്‍ തെവാത്തിയ 4 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. രാജസ്ഥാനുവേണ്ടി ബ്രിജേശ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

വെടിക്കെട്ട് തുടക്കം

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.5 ഓവറില്‍ 118 റണ്‍സടിച്ചു. റിയാന്‍ പരാഗിന്‍റെ അഭാവത്തില്‍ രാജസ്ഥാനെ നയിച്ച യശസ്വി ജയ്സ്വാളിന് രാജസ്ഥാന്‍ ബൗളര്‍മാരുടെ ധാരാളിത്തം നിയന്ത്രിക്കാനായില്ല. ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ തന്നെ വൈഡുകളും നോ ബോളുകളുമായി ഗുജറാത്തിന്‍റെ മുന്നേറ്റം എളുപ്പമാക്കി. ഒടുവില്‍ സായ് സുദര്‍ശനെ വീഴ്ത്തിയ യാഷ്‌രാജ് പുഞ്ചയാണ് രാജസ്ഥാന് ആശ്വസിക്കാന്‍ വക നല്‍കിയത്. ജോസ് ബട്‌ലര്‍ തുടക്കത്തിലെ നല്‍കിയ അവസരം ഹെറ്റ്മെയര്‍ കൈവിട്ടെങ്കിലും 10 പന്തില്‍ 13 റണ്‍സെടുത്ത ബട്‌ലറെ രവീന്ദ്ര ജഡേജ മടക്കി. വാഷിംഗ്ടണ്‍ സുന്ദറും ഗില്ലും ചേര്‍ന്ന് പോരാട്ടം തുടര്‍ന്നതോടെ ഗുജറാത്ത് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി.

Scroll to load tweet…

സെഞ്ചുറിയിലേക്ക് നീങ്ങിയ ഗില്ലിനെ പതിനേഴാം ഓവറില്‍ ബ്രിജേഷ് ശര്‍മ പുറത്താക്കിയത് രാജസ്ഥാന് ആശ്വസമായി. 9 ഫോറും 3 സിക്സും പറത്തിയാണ് ഗില്‍ 44 പന്തില്‍ 84 റണ്‍സെടുത്തത്. ഗില്‍ മടങ്ങിയശേഷം ജേസണ്‍ ഹോള്‍ഡര്‍(7) പെട്ടെന്ന മടങ്ങിയെങ്കിലും സുന്ദറും തെവാത്തിയയും ചേര്‍ന്ന് അവസാന നാലോവറില്‍ 63 റണ്‍സടിച്ച് ഗുജറാത്തിന് സീസണിലെ ഉയര്‍ന്ന സ്കോര്‍ ഉറപ്പാക്കി. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിര്‍ണായക ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നത്. റോയല്‍സ് നിരയില്‍ ഇന്ന് ക്യാപ്റ്റൻ റിയാന്‍ പരാഗ് ഇല്ല. പരാഗിന് പകരം യശസ്വി ജയ്സ്വാളാണ് ഇന്ന് രാജസ്ഥാനെ നയിക്കുന്നത്.

Scroll to load tweet…

യാഷ്‌രാജ് പുഞ്ചക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഗുജറാത്ത് ടീമിലും മാറ്റമുണ്ട്. മാനവ് സുതാറിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. പോയിന്‍റ് പട്ടികയില്‍ 12 പോയിന്‍റുള്ള രാജസ്ഥാന്‍ നാലാമതും 12 പോയിന്‍റുള്ള ഗുജറാത്ത് അഞ്ചാമതുമാണ്.

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ലർ, നിഷാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ശുഭം ദുബെ, ദസുൻ ഷാനക, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, ബ്രിജേഷ് ശർമ്മ, യഷ് രാജ് പുഞ്ച.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക