ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം മഴ കാരണം ഉപേക്ഷിച്ചു. ആദ്യദിനം ടോസിടാന്‍ പോലും സാധിച്ചില്ല. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 251 റണ്‍സിന് വിജയിച്ചിരുന്നു. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അരങ്ങേറ്റത്തിനായിരുന്നു ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ മഴയുടെ വരവ് നിരാശയുണ്ടാക്കി. 

ബര്‍മിങ്ഹാമില്‍ ജയിച്ച ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. പേസര്‍ ജെയിംസ് പാറ്റിന്‍സണെ  പന്ത്രണ്ടംഗ ടീമില്‍ ഒഴിവാക്കിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് , ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് ടീമിലെത്തിയത്. ഇരുവരേയും കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ആദ്യ ടെസ്റ്റില്‍ മോശം ഫോമിലായിരുന്ന പീറ്റര്‍ സിഡില്‍ പുറത്തിരിക്കും.

ലോകകപ്പ് ഹീറോ എങ്കിലും ജെയിംസ് ആന്‍ഡേഴ്‌സന്റെ അഭാവത്തില്‍ ഇംഗ്ലീഷ് ബൗളിംഗിനെ നയിക്കാന്‍ ആര്‍ച്ചര്‍ക്ക് കഴിയുമോയെന്ന് കണ്ടറിയണം. സ്മിത്തിനെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ ഇടം കൈയന്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
സ്മിത്തിനെ തളയ്ക്കാനുള്ള പ്ലാന്‍ എയില്‍ മാറ്റമില്ലെന്നാണ് ജോ റൂട്ടിന്റെ അവകാശവാദം. എന്നാല്‍ ലോര്‍ഡ്‌സില് ഓസീസിനെതിരെ അവസാനം കളിച്ച അഞ്ച് ടെസ്റ്റില്‍ മൂന്നിലും തോറ്റത് ഇംഗ്ലണ്ടിന് സമ്മര്‍ദ്ദമാകും.