ഗാലെ: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ കിവീസ് നേടിയ 249നെതിരെ ആതിഥേയര്‍ 267ന് എല്ലാവരും പുറത്തായി. 18 റണ്‍സിന്റെ ലീഡാണ് ശ്രീലങ്ക നേടിയത്. അഞ്ച് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ലങ്കയെ വലിയ സ്‌കോറിലേക്ക് പോവാതെ തടഞ്ഞുനിര്‍ത്തിയത്. വില്യം സോമര്‍വില്ലെ മൂന്ന് വിക്കറ്റ് നേടി. 61 നേടിയ നിരോഷന്‍ ഡിക്വെല്ലയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. 

227ന് ഏഴ് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ശ്രീലങ്ക 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. സുരംഗ ലക്മല്‍ (40) വാലറ്റത്ത് മികച്ച പ്രകടനം പുറത്തെടുത്തു. കുശാല്‍ മെന്‍ഡിസ് (53), എയ്ഞ്ചലോ മാത്യൂസ് (50) എന്നിവരാണ് ലങ്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ട്രന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്്.

മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തിട്ടുണ്ട് കിവീസ്. ജീത് റാവലി (4)ന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ടോം ലാഥം (7), കെയ്ന്‍ വില്യംസണ്‍ (3) എന്നിവരാണ് ക്രീസില്‍.