സിഡ്‌നി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തുപോയ ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഉപനായകന്‍ രോഹിത് ശര്‍മ, യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, നവ്ദീപ് സൈനി, പൃഥ്വി ഷാ, ഋഷഭ് പന്ത് എന്നിവരാണ് കൊവിഡ് നെഗറ്റീവായത്. സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായിട്ടാണ് പരിശോധന നടത്തിയത്.

ടീമംഗങ്ങള്‍ക്ക് പുറമെ മറ്റു സ്റ്റാഫുകള്‍ക്കും പരിശോധന നടത്തി. ഇവര്‍ നെഗറ്റീവായത് മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കും. ആര്‍ടി- പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. 

പരിശോധന ഫലം നെഗറ്റീവായതോടെ ഇവര്‍ക്ക് ടീമിനൊപ്പം ചേരാന്‍ സാധിക്കും. അതിനുള്ള അനുമതിയിയും നല്‍കിയിട്ടുണ്ട്. നേരത്തെ അതിവേഗ കൊറോണ വൈറസിന്റെ സാന്നിധ്യം ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കനത്ത നിയന്ത്രണങ്ങളാണ് ഓസ്‌ട്രേലിയയില്‍ ഏര്‍പ്പാടാക്കിയിട്ടുളളത്. മൂന്നാം  ടെസ്റ്റ് നടക്കാനിരിക്കുന്ന സിഡ്നിയിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.