Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ലേലത്തില്‍ ബംബര്‍ അടിക്കാന്‍ സാധ്യതയുള്ള 5 താരങ്ങള്‍, രണ്ട് ഇന്ത്യന്‍ താരങ്ങളും ലിസ്റ്റില്‍

മിച്ചല്‍ സ്റ്റാര്‍ക്ക്: ലേലത്തില്‍ ബംപര്‍ ലോട്ടറിയടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ ഇടവേളക്കുശേഷം ഐപിഎല്‍ ലേലത്തിനെത്തുന്ന ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്.

Five players who could fetch the highest price tags in IPL 2024 auction, 2 indian in the list
Author
First Published Dec 18, 2023, 3:52 PM IST

ദുബായ്: നാളെ ദുബായില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ മാസം അവസാനിച്ച ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ പലരും ലേലത്തില്‍ കോടിപതികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്-ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട്, ഓസ്ട്രേലിയ-പാകിസ്ഥാന്‍ പരമ്പരകളിലെ പ്രകടനങ്ങള്‍ക്ക് പുറമെ ഓസ്ട്രേലിയന്‍ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെയും അബുദാബി ടി20 ലീഗിലെയും പ്രകടനങ്ങളും ലേലത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

ലേലത്തില്‍ ഏറ്റവലും കൂടുതല്‍ ആവശ്യക്കാരുണ്ടാവുമെന്ന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

മിച്ചല്‍ സ്റ്റാര്‍ക്ക്: ലേലത്തില്‍ ബംപര്‍ ലോട്ടറിയടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ ഇടവേളക്കുശേഷം ഐപിഎല്‍ ലേലത്തിനെത്തുന്ന ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയില്ലെങ്കിലും സെമിയിലും ഫൈനലിലും തിളങ്ങിയ സ്റ്റാര്‍ക്ക് പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലും മികവ് കാട്ടിയിരുന്നു. സ്റ്റാര്‍ക്കിനായി ടീമുകള്‍ 15 കോടി വരെ മുടക്കാന്‍ തയാറാകുമെന്നാണ് കരുതുന്നത്.

ഐപിഎല്‍ ലേലം: ജിയോ സിനിമയുടെ മോക്ക് ഓക്ഷനില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍

രചിന്‍ രവീന്ദ്ര: ലോകകപ്പിന്‍റെ കണ്ടെത്തലായ രചിന്‍ രവീന്ദ്രയാണ് ഐപിഎല്‍ ലേലത്തില്‍ മിന്നിത്തിളങ്ങാനിടയുള്ള മറ്റൊരു താരം. ലോകകപ്പില്‍ റണ്‍വേട്ട നടത്തിയ രചിന്‍ അതിവേഗം റണ്‍ സ്കോര്‍ ചെയ്യാനും സ്പിന്നറെന്ന നിലിയിലും മിടുക്കനാണ്. രചിനെ ടീമിലെത്തിച്ചാല്‍ ബാറ്ററുടെയും ബൗളറുടെയും ഗുണം ലഭിക്കുമെന്നതിനാല്‍ രചിനായി ടീമുകള്‍ വാശിയോടെ രംഗത്തെത്തിയാല്‍ 10 കോടിക്ക് മുകളില്‍ ലേലത്തുക ഉയരാനിടയുണ്ട്.

ഹര്‍ഷല്‍ പട്ടേല്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ലേലത്തിന് മുമ്പ് ഒഴിവാക്കിയ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ലേലത്തില്‍ കോടിപതിയാവാന്‍ ഇടയുള്ള മറ്റൊരു താരം. രണ്ട് കോടി രൂപ അടിസ്ഥാനവിലയുളള ഹര്‍ഷല്‍ കഴിഞ്ഞ രണ്ട് സീസണുകളിലും തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്കായി ശക്തമായ മത്സരം നടക്കുമെന്നാണ് കരുതുന്നത്.

റുതുരാജ് ടീം ബസില്‍ കയറും മുമ്പെ ഡോര്‍ അടച്ചു; ഷാക്കിബാണോ ബസ് ഡ്രൈവറെന്ന് ചോദിച്ച് ആരാധകര്‍

വാനിന്ദു ഹസരങ്ക: ശ്രീലങ്കന്‍ സ്പിന്നറായ വാനിന്ദു ഹസരങ്കയാണ് ലേലത്തില്‍ ബംപറടിക്കാനിടയുള്ള മറ്റൊരു താരം. ഒന്നര കോടി അടിസ്ഥാനവിലയുള്ള ഹസരങ്കയെ ടീമിലെത്തിച്ചാല്‍ സീസണില്‍ മുഴുവന്‍ ലഭ്യമാകുമെന്നതിനാല്‍ താരത്തിനായി കോടികള്‍ ഒഴുക്കാന്‍ ടീമുകള്‍ തയാറായേക്കും. വാലറ്റത്ത് ആശ്രയിക്കാവുന്ന ബാറ്ററുമാണ് ഹസരങ്ക.

ഷാര്‍ദ്ദുല്‍ താക്കൂര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൈയൊഴിഞ്ഞ ഇന്ത്യന്‍ പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് ലേലത്തില്‍ കോടികളടിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഷാര്‍ദ്ദുലിനായും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ ശക്തമായി രംഗത്തിറങ്ങിയേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios