സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി മധ്യപ്രദേശ് നായകന്‍ രജത് പട്ടീദാര്‍. 48 പന്തില്‍ പുറത്താകാതെ 135 റണ്‍സ് നേടിയ താരത്തിന്റെ കരുത്തിൽ മധ്യപ്രദേശ് മികച്ച സ്കോർ നേടി. 41 പന്തിൽ സെഞ്ച്വറി തികച്ച താരം ചരിത്രപരമായ റെക്കോർഡുകളും സ്വന്തമാക്കി.

ന്യൂ ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി മധ്യപ്രദേശ് നായകന്‍ രജത് പട്ടീദാര്‍. വെറും 48 പന്തില്‍ പുറത്താകാതെ 135 റണ്‍സ് അടിച്ചുകൂട്ടിയ പട്ടീദാറിന്റെ കരുത്തില്‍ മധ്യപ്രദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വെറും 41 പന്തില്‍ സെഞ്ച്വറി തികച്ച താരം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ മധ്യപ്രദേശ് ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 13 സിക്‌സറുകളും എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു പട്ടീദാറിന്റെ ഇന്നിംഗ്‌സ്.

ടൂര്‍ണമെന്റിലെ ഒരു ഇന്നിംഗ്‌സില്‍ മധ്യപ്രദേശ് താരം നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡും ഇതോടെ പട്ടീദാറിന്റെ പേരിലായി. എട്ടാം ഓവറില്‍ 57 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ മധ്യപ്രദേശ് പതറുമ്പോഴായിരുന്നു പട്ടീദാറിന്റെ ക്രീസിലേക്കുള്ള വരവ്. നിലയുറപ്പിക്കാന്‍ സമയം കളയാതെ അസം ബൗളര്‍മാരെ കടന്നാക്രമിച്ച താരം മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. മൂന്നാമനായി ക്രീസിലെത്തിയ ശിവംഗ് കുമാറിനൊപ്പം ചേര്‍ന്ന് വെറും 62 പന്തില്‍ 153 റണ്‍സിന്റെ കൂട്ടുകെട്ടാണ് പട്ടീദാര്‍ പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിലെ മധ്യപ്രദേശിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. തന്റെ ഇന്നിംഗ്‌സില്‍ വെറും അഞ്ച് ഡോട്ട് ബോളുകള്‍ മാത്രമാണ് പട്ടീദാര്‍ നേരിട്ടത്.

നവംബര്‍ 19 മുതല്‍ 29 വരെ ദോഹയില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് പട്ടീദാര്‍ അടുത്തിടെ പിന്മാറിയിരുന്നു. തിലക് വര്‍മ്മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി പട്ടീദാറിനെയായിരുന്നു ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, നിലവിലുള്ള പരിക്കുകള്‍ പരിഗണിച്ച് 50 ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം ബിസിസിഐയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ എട്ടിന് ഡല്‍ഹി ബാറ്റര്‍ ആയുഷ് ബദോനിയെ പകരക്കാരനായി ഉള്‍പ്പെടുത്തുകയും റിങ്കു സിംഗിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.

പുതുച്ചേരിയില്‍ ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ നേടിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ ഈ തീരുമാനം.ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായി ഏകദിനത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമുള്ള പട്ടീദാറിന്റെ ഈ പ്രകടനം കുട്ടിക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മികച്ച ഫോമിന്റെ സൂചനയാണ്.

YouTube video player