പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്കെതിരെ കടുത്ത തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നു. അമേരിക്കൻ ജനതയുടെ ഹൃദയത്തിൽ കുത്തുമെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പ് നൽകി. 

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അമേരിക്കയ്ക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പുമായി ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. അമേരിക്കക്കാർ ഇറാനിയൻ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖമേനിയുടെ വലം കൈയും ഇറാന്‍റെ നിർണായക നയതന്ത്രജ്ഞനുമായ ലാരിജാനിയുടെ ഈ പ്രസ്താവന മേഖലയിൽ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.

അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക നടപടി ഇതിലും ശക്തമായി തുടരും. അടിച്ച് ഓടിപ്പോകാൻ ഇത് സിനിമയല്ലെന്ന് അവർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഖമേനിയുടെ അഭാവത്തിൽ രാജ്യം ഭരിക്കാൻ പ്രസിഡന്‍റും ജുഡീഷ്യറി തലവനും ഉൾപ്പെടുന്ന ഒരു താത്കാലിക നേതൃത്വ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഗൾഫ് രാജ്യങ്ങളുമായി യുദ്ധത്തിന് ഇറാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരും. അമേരിക്കൻ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന് ഒരിക്കൽ കൂടി ലോകത്തിന് തെളിയിച്ചു കൊടുക്കുമെന്നും ലാരിജാനി കൂട്ടിചേർത്തു.

തിരിച്ചടിച്ച് ഇറാൻ

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും വ്യോമാക്രമണത്തിന് മറുപടിയായി ഇറാന്‍റെ സൈന്യം ഇതിനകം തന്നെ മിസൈൽ പ്രയോഗം ആരംഭിച്ചിട്ടുണ്ട്. പേർഷ്യൻ ഗൾഫിലെ യുഎസ് കപ്പലുകൾക്ക് നേരെയും കുവൈറ്റിലെയും ഖത്തറിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെയും നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ലാരിജാനിയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറാന്‍റെ ഈ പുതിയ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ ഒരു സമാധാന ചർച്ചയ്ക്കുള്ള സാധ്യതകൾ പൂർണ്ണമായും അവസാനിച്ച മട്ടാണ്.