സൗരാഷ്ട്രക്കെതിരെ ഡല്‍ഹിക്കായി അഞ്ചാമനായി ക്രീസിലെത്തി റിഷഭ് പന്താകട്ടെ 10 പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രമെടുത്ത് നല്‍കി പുറത്തായി.

മുംബൈ: വര്‍ഷങ്ങള്‍ക്കുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിലെ സൂപ്പര്‍ താരങ്ങള്‍ക്ക് നിരാശ. ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി മുംബൈക്കായി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ജമ്മു കശ്മീരിനെതിരെ 19 പന്തില്‍ 3 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ യശസ്വി ജയ്സ്വാളാണ് ര‍ഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തിയ മറ്റൊരു ഇന്ത്യൻ താരം. മുംബൈക്കായി ഇറങ്ങിയ ജയ്സ്വാള്‍ നാലു റണ്‍ മാത്രമെടുത്ത് പുറത്തായി.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ ആകട്ടെ കര്‍ണാടകക്കെതിരെ പഞ്ചാബിന്‍റെ ക്യാപ്റ്റനായി ഓപ്പണറായി ഇറങ്ങിയെങ്കിലും എട്ട് പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. ഗില്ലിനെ അഭിലാഷ് ഷെട്ടിയുടെ പന്തില്‍ കൃഷ്ണന്‍ ശ്രീജിത്ത് ക്യാച്ചെടുത്ത് പുറത്താക്കിയപ്പോള്‍ പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിനം ലഞ്ചിന് മുമ്പ് 55 റണ്‍സില്‍ അവസാനിച്ചു. 29 ഓവര്‍ മാത്രമാണ് പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്സ് നീണ്ടത്.

രഞ്ജി ട്രോഫി: നിധീഷിന് 5 വിക്കറ്റ്, മധ്യപ്രദേശിനെ എറിഞ്ഞിട്ട് തുടക്കം ഗംഭീരമാക്കി കേരളം

സൗരാഷ്ട്രക്കെതിരെ ഡല്‍ഹിക്കായി അഞ്ചാമനായി ക്രീസിലെത്തി റിഷഭ് പന്താകട്ടെ 10 പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രമെടുത്ത് നല്‍കി പുറത്തായി. ധര്‍മേന്ദ്ര സിംഗ് ജഡേജയുടെ പന്തില്‍ പ്രേരക് മങ്കാദിന് ക്യാച്ച് നല്‍കിയാണ് റിഷഭ് പന്ത് പുറത്തായത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലും ഇന്ന് നിരാശപ്പെടുത്തിയവരില്‍ പെടുന്നു. പഞ്ചാബിനെതിരെ 45 പന്തില്‍ 27 റണ്‍സെടുത്ത് ദേവ്ദത്ത് പടിക്കല്‍ പുറത്തായി.

Scroll to load tweet…

അതേസമയം ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഇന്ത്യൻ താരംരവീന്ദ്ര ജഡേജയാണ്. ഡല്‍ഹിക്കെതിരെ 66 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 36 പന്തില്‍ 38 റണ്‍സെടുത്തു. സൗരാഷ്ട്രക്കായി ജഡേജ തിളങ്ങിയെങ്കിലും ചേതേശ്വര്‍ പൂജാര ആറ് റണ്‍സെടുത്ത് പുറത്തായി. ബറോഡക്കെതിരായ മത്സരത്തില്‍ മഹാരാഷ്ട്രക്കായി ഇറങ്ങിയ റുതുരാജ് ഗെയ്ക്‌വാദിനും തിളങ്ങാനായില്ല. 21 പന്തില്‍ 10 റണ്‍സെടുത്ത് റുതുരാജ് പുറത്തായി. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ ഗുജറാത്തിനായി 36 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ സിദ്ദാര്‍ത്ഥ് ദേശായിയാണ് ആദ്യ ദിനം തിളങ്ങിയ മറ്റൊരു താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക