ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്യാപ്റ്റന്‍സി ഭാരമില്ലാതെ കോലി ഇറങ്ങുന്നത്. വെറുമൊരു ബാറ്റ്‌സ്മാനായി ഇറങ്ങുമ്പോള്‍ ആരാധകരെ ഏറെ പ്രതീക്ഷിക്കുന്നുമുണ്ട്. സെഞ്ചുറികള്‍ വാരികൂട്ടുന്ന പഴയ കോലിയെ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) ഇന്ത്യ നാളെ ആദ്യ ഏകദിനത്തിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ് (Virat Kohli). ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്യാപ്റ്റന്‍സി ഭാരമില്ലാതെ കോലി ഇറങ്ങുന്നത്. വെറുമൊരു ബാറ്റ്‌സ്മാനായി ഇറങ്ങുമ്പോള്‍ ആരാധകരെ ഏറെ പ്രതീക്ഷിക്കുന്നുമുണ്ട്. സെഞ്ചുറികള്‍ വാരികൂട്ടുന്ന പഴയ കോലിയെ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഇതിനിടെ ചില നാഴികക്കല്ലുകളും കോലിയെ കാത്തിരിക്കുന്നുണ്ട്. 2019 നവംബറിലാണ് കോലി കോലി അവസാന സെഞ്ചുറി നേടിയത്. അവസാനം കളിച്ച 15 ടെസ്റ്റുകളില്‍ 28.14 മാത്രമാണ് ശരാശരി. ഇതില്‍ ആറ് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. അവസാന 15 ഏകദിനങ്ങളില്‍ 43.36 ശരാശരിയില്‍ 649 റണ്‍സാണ് നേടിയത്.

കോലി ആദ്യ ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനേയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും മറികടക്കാനുള്ള അവസരവും വന്നുചേര്‍ന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരില്‍ രണ്ടാമനാവാനുള്ള അവസരമാണ് കോലിക്ക്. 26 റണ്‍സ് കൂടി നേടിയാല്‍ ദ്രാവിഡിനെ (1309) മറികടക്കാം. ഗാംഗുലിയുടെ അക്കൗണ്ടില്‍ 1313 റണ്‍സാണുള്ളത്. 2001 റണ്‍സ് നേടിയ സച്ചിനാണ് ഒന്നാമന്‍. 

ലോകതാരങ്ങളെടുത്താന്‍ കോലി എട്ടാം സ്ഥാനത്താണ്. സച്ചിന് പിറകില്‍ റിക്കി പോണ്ടിംഗ് (1879) രണ്ടാം സ്ഥാനത്തുണ്ട്. കുമാര്‍ സംഗക്കാര (1789), സ്റ്റീവ് വോ (1581), ശിവ്‌നരൈയ്ന്‍ ചന്ദര്‍പോള്‍ (1559) എന്നിവരെല്ലാം പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മാത്രം അവര്‍ക്കെതിരെ 887 റണ്‍സാണ് കോലിക്കുള്ളത്. ഇക്കാര്യത്തില്‍ ദ്രാവിഡിനെ പിന്തള്ളാന്‍ അവസരുണ്ട്. 

ഇന്ത്യക്കാരില്‍ ദ്രാവിഡ് (930) മൂന്നാം സ്ഥാനത്താണ്. ഗാംഗുലി 1048 റണ്‍സോടെ രണ്ടാം സ്ഥാനത്താണ്. സച്ചിനാണ് (1453) ഒന്നാമത്. ലോകതാരങ്ങളില്‍ പോണ്ടിംഗ് (1423) സച്ചിന് പിറകില്‍ രണ്ടാമത് നില്‍ക്കുന്നു.