ഒരിക്കല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് കളിച്ചിട്ടുള്ള താരമാണ് ബ്രെറ്റ് ലീ.

മുംബൈ: പത്ത് ദിവസങ്ങള്‍ മാത്രമാണ് ഇനി ഐപിഎല്ലിന് അവശേഷിക്കുന്നത്. യുഎഇയില്‍ സെപ്റ്റംബര്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംൈബ ഇന്ത്യന്‍സ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ഇത്തവണയും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഇരുവരുമുണ്ട്. എന്നാല്‍ യുഎഇയിലെ സാഹചര്യങ്ങള്‍ എങ്ങനെ മുതലെടുക്കുമെന്ന് കണ്ടറിയണം.

ഇതിനിടെ ആരായിരിക്കും ഇത്തവണത്തെ ഐപിഎല്‍ ചാംപ്യന്മാരെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീ. ഒരിക്കല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് കളിച്ചിട്ടുള്ള താരമാണ് ബ്രെറ്റ് ലീ. എന്നാല്‍ ഇവരാരുമല്ല മുന്‍ താരത്തിന്റെ മനസില്‍. എം എസ് ധോണിനയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് ഇത്തവണ സാധ്യതയെന്നാണ് ബ്രറ്റ് ലീ പറയുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു ലീ. ആരായിരിക്കും സീസണിലെ ഐപിഎല്‍ ചാംപ്യനെന്നായിരുന്നു ആരാധകന്റെ ചോദ്യം. പ്രവചിക്കുക ബുദ്ധിമുട്ടാണെന്നും എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് സാധ്യതയെന്നും ലീ മറുപടി നല്‍കി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സാധ്യതകളെ കുറിച്ചും ലീ വാചാലനായി. അവസാന നാലില്‍ തീര്‍ച്ചയായും കൊല്‍ക്കത്ത ഉണ്ടാവുമെന്നാണ് ലീ പറയുന്നത്. അവരുടെ പ്രധാന ആയുധമായ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ലോകോത്തര ബൗളറാണെന്നും ലീ അഭിപ്രായപ്പെട്ടു.

നിലവില്‍ മുംബൈയിലാണ് ബ്രറ്റ് ലീ. ഐപിഎല്ലില്‍ കമന്റേറ്റര്‍മാരുടെ പട്ടികയില്‍ ലീയുമുണ്ട്. യുഎഇയിലേക്ക് പറക്കുന്നതിനായി എത്തിയ മുന്‍ പേസര്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്.