ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി ആറ് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇത്തവണ യുഎഇയിലെ മൂന്ന് വേദികളിലായിട്ടാണ് നടക്കുന്നത്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ഐപിഎല്‍. ഈ മാസം 19് ഐപിഎല്‍ നടക്കാനിരിക്കെ മികച്ച ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ടീമിലില്ലെന്നുള്ളതാണ് പ്രത്യേകത.

നാല് ഐപിഎല്‍ കിരീടങ്ങള്‍ മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ച രോഹിത് ശര്‍മ്മയെ ടീമിലുള്‍പ്പെടുത്തിയ ഹോഗ്, പക്ഷേ നായകനായി കെയ്ന്‍ വില്യംസണിനെയാണ് തിരഞ്ഞെടുത്തത്. വിരാട് കോലി മൂന്നാമനായി കളിക്കും. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, ഭൂവനേശ്വര്‍ കുമാര്‍ എന്നിവരാണ് ടീമിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍. 

രോഹിത്തിനൊപ്പം ഡേവിഡ് വാര്‍ണറാണ് ഓപ്പണ്‍ ചെയ്യുക. കോലിക്ക് ശേഷം നാലാമനായി വില്യംസണെത്തും. തൊട്ടുപിന്നില്‍ ഋഷഭ് പന്ത്. വിക്കറ്റ് കീപ്പറും പന്ത് തന്നെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

ഹോഗിന്റെ ടീം: ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസ്സല്‍, രവീന്ദ്ര ജഡേജ,  സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.