ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഞെട്ടിക്കുന്ന തോൽവി. ഇതിനെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്ന് മാർക്ക് വോ വിശേഷിപ്പിച്ചപ്പോൾ, ടീമിൽ മാറ്റങ്ങൾ വേണമെന്ന് റിക്കി പോണ്ടിങ്ങും മാത്യു ഹെയ്ഡനും അഭിപ്രായപ്പെട്ടു.

ഡാര്‍വിന്‍: ബംഗ്ലാദേശിനോടേറ്റ ടെസ്റ്റ് തോല്‍വി ഞെട്ടിപ്പിക്കുന്നതെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരങ്ങള്‍. റിക്കി പോണ്ടിങ്, മാര്‍ക്ക് വോ, മാത്യു ഹെയ്ഡന്‍ എന്നിവര്‍ ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. മത്സരത്തില്‍ ടീമിന്റെ തയ്യാറെടുപ്പുകളെ കുറ്റം പറയാന്‍ തയ്യാറാകാത്ത ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മത്സരത്തിന്റെ എല്ലാ മേഖലകളിലും ബംഗ്ലാദേശ് തങ്ങളെക്കാള്‍ മികച്ചവരായിരുന്നുവെന്ന് സമ്മതിച്ചു. ഈ ഫലത്തെക്കുറിച്ച് സംസാരിച്ച പോണ്ടിങ് ഇത് ഓസീസിന് നാണക്കേടുണ്ടാക്കിയ തോല്‍വിയാണെന്ന് വിശേഷിപ്പിച്ചപ്പോള്‍, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി എന്നാണ് മാര്‍ക്ക് വോ ഇതിനെ വിശേഷിപ്പിച്ചത്.

കളിയുടെ എല്ലാ വിഭാഗങ്ങളിലും ബംഗ്ലാദേശ് ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കി. ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത സന്ദര്‍ശകര്‍ 200 റണ്‍സിലധികം ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മുന്നില്‍ വെച്ച 57 റണ്‍സ് വിജയലക്ഷ്യം അവര്‍ക്ക് ഒട്ടും വെല്ലുവിളിയായിരുന്നില്ല.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മാര്‍ക്ക് വോ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും കയ്‌പ്പേര്‍ന്ന മറ്റൊരു തോല്‍വി തനിക്ക് ഓര്‍മ്മയില്ലെന്ന് പറഞ്ഞു. 'ഓസ്ട്രേലിയയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ അട്ടിമറി ഇതായിരിക്കാം. മൂന്നോ നാലോ വര്‍ഷം മുമ്പ് ഗാബയില്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. അതും ഒരു അട്ടിമറിയായിരുന്നു. എന്നാല്‍ നഹിദ് റാണ, ഷോറിഫുല്‍ ഇസ്ലാം തുടങ്ങിയ തങ്ങളുടെ ഏറ്റവും മികച്ച രണ്ട് ബൗളര്‍മാരില്ലാതെ കളിക്കുന്നതും, റാങ്കിംഗിലെ വ്യത്യാസവും, ഓസ്ട്രേലിയന്‍ ടീം പൂര്‍ണ്ണ കരുത്തോടെ ഇറങ്ങിയിട്ടും ഇത്തരത്തിലൊരു തോല്‍വി നേരിട്ടതും വളരെ വലുതാണ്.' മാര്‍ക്ക് വോ വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിനായി പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ താന്‍ തയ്യാറാണെന്ന് കമ്മിന്‍സ് സൂചിപ്പിച്ചപ്പോള്‍, മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പോണ്ടിങ്ങും ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഓപ്പണിംഗ്, മൂന്നാം നമ്പര്‍ പൊസിഷനുകളില്‍ പുതിയ മുഖങ്ങളെ കൊണ്ടുവരുന്നത് ഓസ്ട്രേലിയക്ക് ഗുണം ചെയ്യുമെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. 'മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ ഒരിക്കലും പെട്ടെന്ന് മുതിരാറില്ല. ഒരു ക്യാപ്റ്റന്‍ അല്ലെങ്കില്‍ കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഒപ്പമുള്ള ടീമിനെ അതുപോലെ നിലനിര്‍ത്താനാണ്.' മുന്‍ ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു.

'ആരൈയെങ്കിലും ഒഴിവാക്കണം എന്ന് പറയാന്‍ തക്കവണ്ണം കാര്യങ്ങള്‍ മോശമായാലേ മാറ്റം വരുത്തൂ. എന്നാല്‍ ഇവിടെ പുതിയ മാറ്റങ്ങള്‍ തുടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഒരുപക്ഷേ മറ്റൊരു ഓപ്പണറെയോ അല്ലെങ്കില്‍ മൂന്നാം നമ്പരില്‍ മറ്റൊരു കളിക്കാരെയോ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യും.' പോണ്ടിങ് വ്യക്തമാക്കി.

ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച മാത്യു ഹെയ്ഡന്‍, ട്രാവിസ് ഹെഡിനെ അഞ്ചാം നമ്പറിലേക്ക് മാറ്റണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. 'ഓപ്പണിംഗ് ഹെഡിന്റെ മികച്ച പൊസിഷനല്ല. അദ്ദേഹത്തിന്റെ ഏറ്റവും അനുയോജ്യമായ സ്ഥാനം അഞ്ചാം നമ്പര്‍ തന്നെയാണ്. അലക്‌സ് കാരി അഞ്ചാം നമ്പരില്‍ ബാറ്റിങ്ങിന് ഇറങ്ങുന്നത് എനിക്ക് വ്യക്തിപരമായി താല്‍പര്യമില്ല.' അദ്ദേഹം പറഞ്ഞു.

YouTube video player