മെല്‍ബണ്‍: ഇന്ത്യന്‍ ടീമില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കണം എന്ന വാദം ശക്തമാവുന്നതിനിടെ മുംബൈ ഓപ്പണര്‍ക്ക് പിന്തുണയുമായി ഓസ്ട്രേലിയയുടെ മുന്‍താരം മൈക്കല്‍ ഹസി. ബോക്സിങ് ഡേ ടെസ്റ്റ് നടക്കുന്ന മെല്‍ബണിലെ പിച്ച് പൃഥ്വിക്ക് കൂടുതല്‍ ഇണങ്ങുന്നതാണെന്ന് മൈക്ക് ഹസി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ സമ്പൂര്‍ണ പരാജയമായിരുന്നു പൃഥ്വി. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് മടങ്ങിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ നേടിയത് വെറും നാല് റണ്‍സ്.

ഓപ്പണറാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് ടീം മാനേജ്‌മെന്റ് പൃഥ്വിക്ക് അവസരം നല്‍കിയത്. എന്നാല്‍ രണ്ട് ഇന്നിംഗ്‌സിലും നിരാശപ്പെടുത്തിയതോടെ യുവ ഓപ്പണറെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി. ഇതിനിടെയാണ് പൃഥ്വി ഷോയ്ക്ക് പിന്തുണയുമായി ഓസീസിന്റെ മുന്‍താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനുമായ മൈക്കല്‍ ഹസി രംഗത്തെത്തിയിരിക്കുന്നത്. 

പൃഥ്വിക്ക് ഇനിയും അവസരം നല്‍കണമെന്നാണ് ഹസി പറയുന്നത്. ''പൃഥ്വിയില്‍ സെക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കേണ്ട സമയമാണിത്. അഡലെയ്ഡില്‍ പ്രതീക്ഷിച്ചപോലെ റണ്‍സ് കണ്ടെത്താനായില്ല എന്നത് സത്യമാണ്. ബാറ്റ് ചെയ്യാന്‍ ഏറെ പ്രയാസമുള്ളപിച്ചില്‍ മികച്ച ബൗളിംഗ് നിരയ്‌ക്കെതിയായാണ് പൃഥ്വി ബാറ്റ് ചെയ്തതെന്ന് മറക്കരുത്. രണ്ടാം ടെസ്റ്റ് നടക്കുന്ന മെല്‍ബണിലെ വിക്കറ്റ് പൃഥ്വിയുടെ ബാറ്റിംഗ് ശൈലിക്ക് യോജിച്ചതാണ്. മെല്‍ബണില്‍ അഡലെയ്ഡിലെപ്പോലെ പേസും ബൗണ്‍സും ഉണ്ടാകില്ല.

ടീമിന്റെ പിന്തുണയുണ്ടെങ്കില്‍ പ്രതിഭാധനനായ പൃഥ്വി ഷോയ്ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും.'' ഹസി പറഞ്ഞു.