മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഹബീബുള്‍ ബാഷറും ഇക്കാര്യം തന്നെയാണ് പറയുന്നത്. ഇന്ത്യക്ക് പുറമെ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാം ടീമിനെ കുറിച്ചും ബാഷര്‍ സംസാരിക്കുന്നുണ്ട്.

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ പാകിസ്ഥാനെതിരെ ജയിച്ചതോടെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്ക് മുന്‍ത്തൂക്കമായി. ഗ്രൂപ്പില്‍ ഇനി ദക്ഷിണാഫ്രിക്കയാണ് ശക്തരായ മറ്റൊരു എതിരാളി. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്സ്, സിംബാബ്വെ എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റു എതിരാളികള്‍. ശക്തരായ പാകിസ്ഥാനെതിരായ ജയത്തോടെ ഇന്ത്യക്ക് ആധിപത്യമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെട്ടാല്‍ പോലും കുഞ്ഞന്‍ ടീമുകളെ മറികടന്നാല്‍ ഇന്ത്യക്ക് സെമിയിലെത്താം. നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 27നാണ് ഇന്ത്യയിറങ്ങുക. 

സിംബാബ്‌വെക്ക് പെനാല്‍റ്റിയിലൂടെ അഞ്ച് റണ്‍സ്; കാര്യമറിയാതെ അന്തംവിട്ട് ഡി കോക്കും ആന്റിച്ച് നോര്‍ജെ- വീഡിയോ

മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഹബീബുള്‍ ബാഷറും ഇക്കാര്യം തന്നെയാണ് പറയുന്നത്. ഇന്ത്യക്ക് പുറമെ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാം ടീമിനെ കുറിച്ചും ബാഷര്‍ സംസാരിക്കുന്നുണ്ട്. അതേസമയം, പാകിസ്ഥാന്‍ സെമിയിലെത്തില്ലെന്നും ബാഷര്‍ അടിവരയിടുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പാകിസ്ഥാന ശക്തമായ ബൗളിംഗ് ലൈനപ്പുണ്ടെന്നുള്ളത് ശരിതന്നെ. എന്നാല്‍ അവരുടെ ബാറ്റിംഗ് ലൈനപ്പിന് അത്രത്തോളം ആഴമില്ല. മറുവശത്ത് ദക്ഷിണാഫ്രിക്ക അല്‍പംകൂടി സന്തുലിതമായ ടീമാണ്. ബൗളിംഗ് ബാറ്റിംഗും ശക്തം. അനുഭവസമ്പത്തുള്ള ഒരുപാട് താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്കയും സെമിയിലെത്തും.'' ബാഷര്‍ പ്രവചിച്ചു.

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ മനോഹരമായിട്ടാണ് കളിച്ചതെന്നും ബാറ്റര്‍മാരുടെ പരാജയമാണ് തോല്‍വിയിലേക്ക് തള്ളിവിട്ടതെന്നും ബാഷര്‍ പറഞ്ഞു. പാകിസ്ഥാനെതിരെ, 53 പന്തില്‍ പുറത്താവാതെ 82 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനവും നിര്‍ണായകമായി. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹാര്‍ദിക് വീഴ്ത്തിയിരുന്നത്. ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ 37 പന്തില്‍ 40 റണ്‍സും നേടി. കോലിക്കൊപ്പം ഹാര്‍ദിക്കുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.