പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഇംഗ്ലണ്ടിനെിതരായ ടി20 പരമ്പരയിലൂടെയാണ് ഭുവി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. നിര്‍ണായക അവസാന ടി20 മത്സരത്തില്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഭുവി രണ്ട് വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ചര്‍ച്ചകള്‍ ഇപ്പോഴേ ചൂടുപിടിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് പിന്നാലെ ഐപിഎല്‍ കൂടി വരുന്നതിനാല്‍ ടി20 ലോകകപ്പ് ടീമിനെ ഒരുക്കുക സെലക്ടര്‍മാരെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ കാര്യമാണ്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാതെ തന്നെ കരുത്തരായ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ടി20 പരമ്പര നേടിയതിനാല്‍ ഇരുവരും മടങ്ങിവരുമ്പോള്‍ പേസ് ബൗളര്‍മാരില്‍ ആരാകും ലോകകപ്പ് ടീമില്‍ നിന്ന് പുറത്താകുക എന്ന ചര്‍ച്ചകളും സജീവമാണ്.

ഷര്‍ദ്ദുല്‍ ഠാക്കൂറും ഭുവനേശ്വര്‍ കുമാറും ഒരുപോലെ മികവ് കാട്ടുകയും ബുമ്രയും ഷമിയും തിരിച്ചുവരികയും ചെയ്താല്‍ ആരെ കൊള്ളും ആരെ തള്ളുമെന്ന പ്രതിസന്ധിയിലാകും സെലക്ഷന്‍ കമ്മിറ്റി. എന്നാല്‍ നിലവിലെ ഫോമും കായികക്ഷമതയും കണക്കിലെടുത്താല്‍ ഭുവനേശ്വര്‍ കുമാര്‍ ലോകകപ്പ് ടീമിലുണ്ടാവണമെന്ന് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഇംഗ്ലണ്ടിനെിതരായ ടി20 പരമ്പരയിലൂടെയാണ് ഭുവി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. നിര്‍ണായക അവസാന ടി20 മത്സരത്തില്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഭുവി രണ്ട് വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഭുവി തിളങ്ങി. ഷര്‍ദ്ദുലും ടി20, ഏകദിന പരമ്പരകളില്‍ മികവ് കാട്ടി.

എന്തായാലും ഐപിഎല്‍ കൂടി വരാനുള്ളതിനാല്‍ ഇന്ത്യന്‍ ടീമിലെ ഏതാനും സ്ഥാനങ്ങളില്‍ കൂടി കടുത്ത മത്സരമുണ്ടാവുമെന്ന് ബംഗാര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് കണക്ടില്‍ പറഞ്ഞു. ഇപ്പോള്‍ ടീമിലില്ലാത്ത താരങ്ങള്‍ക്കും ഐപിഎല്ലിലെ മികവിലൂടെ ലോകകപ്പ് ടീമിലെത്താന്‍ അവസരമുണ്ടെന്നും സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.