വൈഭവ് സൂര്യവംശി ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 48.50 ശരാശരിയിലും 237.30 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലും 776 റൺസാണ് അടിച്ചുകൂട്ടിയത്.
ചെന്നൈ: ഐപിഎല്ലിൽ റൺവേട്ട നടത്തി റെക്കോർഡുകൾ തകർത്ത രാജസ്ഥാന്‍ റോയല്‍സിന്‍റെ 15 കാരൻ വൈഭവ് സൂര്യവംശിയെ എത്രയും വേഗം ഇന്ത്യൻ ടി20 ടീമിലെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ടൂർണമെന്‍റിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്', 'ഓറഞ്ച് ക്യാപ്പ്' എന്നീ പുരസ്കാരങ്ങൾ തൂത്തുവാരിയ വൈഭവിന്‍റെ പ്രകടനത്തെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്‍റെ പ്രകടനങ്ങളോടാണ് ശ്രീകാന്ത് ഉപമിച്ചത്.
വൈഭവ് സൂര്യവംശി ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 48.50 ശരാശരിയിലും 237.30 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലും 776 റൺസാണ് അടിച്ചുകൂട്ടിയത്. രാജസ്ഥാനെ പ്ലേഓഫിലെത്തിച്ചതും വൈഭവിന്‍റെ മിന്നും പ്രകടനമായിരുന്നു. വൈഭവിനെ എത്രയും വേഗം ഇന്ത്യൻ ടി20 ടീമിലേടുക്കണമെന്ന് ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ക്രിസ് ഗെയ്‌ൽ പോലും എല്ലാ കണക്കുകളിലും വൈഭവിന് ഏറെ പിന്നിലാണ്. ഒരു പുരസ്കാര വേദിയിലും അവന്‍റെയടുത്ത് നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. ഇത്തവണയാണ് വൈഭവ് അവന്‍റെ ആദ്യ മുഴുവൻ സീസൺ ഐപിഎൽ കളിക്കുന്നത്. ഒറ്റ സീസൺ കൊണ്ട് അവൻ എല്ലാ പുരസ്കാരങ്ങളും തൂത്തുവാരിയെന്നും ശ്രീകാന്ത് പറഞ്ഞു.
ഫൈനലിന് ശേഷം വിരാട് കോലി വൈഭവിനോട് ദീർഘനേരം സംസാരിച്ചതിനെക്കുറിച്ചും ശ്രീകാന്ത് എടുത്തുപറഞ്ഞു. കോലിയിൽ നിന്ന് അവന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടാകുമെന്നും വൈഭവിന്‍റെ മാതാപിതാക്കൾക്ക് ഇത് എത്രത്തോളം അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യയെ അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച വൈഭവിന് പിന്നാലെയാണ് ഐപിഎല്ലിലും സ്വപ്നതുല്യമായ ഈ നേട്ടം. തുടർച്ചയായ രണ്ടാം വർഷവും റോയൽ ചലഞ്ഞേഴ്സ് ബെംഗളൂരുവിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ രജത് പാട്ടീധാറിനെയും ശ്രീകാന്ത് വാനോളം പുകഴ്ത്തി.
