ബാറ്റിങ് മികവ് പരിഗണിച്ച് കുല്‍ദീപിനേക്കാള്‍ അക്ഷറിനു പരിഗണന നല്‍കിയെന്നും ഒരു ക്യാപ്റ്റന്‍ അവരുടെ താരങ്ങളില്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ടെന്നും പാണ്ഡെ വിശദമാക്കി.

മുംബൈ: ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഒമ്പത് മത്സരങ്ങളില്‍ 17 വിക്കറ്റാണ് കുല്‍ദീപ് സ്വന്തമാക്കിയത്. 10 മത്സരങ്ങളില്‍ 19 വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് ഒന്നാമത്. ഡല്‍ഹി കാപിറ്റല്‍സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തോടെ ദേശീയ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് കുല്‍ദീപ്. ഇടക്കാലത്ത് ടീമിന് പുറത്തായിരുന്നു കുല്‍ദീപ്.

കുല്‍ദീപിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് മോശം പ്രകടനത്തിന് കാരണമെന്നാണ് കുല്‍ദീപിന്റെ ബാല്യകാല കോച്ച് കപില്‍ ദേവ് പാണ്ഡെ പറയുന്നതില്‍. അദ്ദേഹം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കുറ്റപ്പെടുത്തുന്നുമുണ്ട്. ''മികച്ച ഫോമിലായിരുന്നിട്ടു പോലും കുല്‍ദീപിന് വേണ്ടത്ര അവസരങ്ങള്‍ കോലി നല്‍കിയില്ല. ടെസ്റ്റില്‍ കുല്‍ദീപിന് മികച്ച റെക്കോര്‍ഡുണ്ട്. ഏകദിനത്തില്‍ രണ്ടു ഹാട്രിക് സ്വന്തമാക്കി. എന്നിട്ടും മതിയായ അവസരങ്ങള്‍ നല്‍കിയില്ല.

രോഹിത് ശര്‍മ കാരണമാണ് രോഹിത് ശര്‍മയുടെ കരിയര്‍ സംരക്ഷിക്കപ്പെട്ടത്. രോഹിത്താണ് കുല്‍ദീപിനെ രക്ഷിച്ചത്. വലിയൊരു ഗ്രൂപ്പ് കളിക്കാരില്‍ നിന്നും പ്രതിഭയെ കണ്ടെത്തുക എങ്ങനെയാണെന്നു അദ്ദേഹത്തിനു നന്നായി അറിയാം. മിടുക്കനായ ക്യാപ്റ്റന്‍ രോഹിത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ അവസരം നല്‍കുകയും കുല്‍ദീപ് ഈ വിശ്വാസം കാക്കുകയും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.'' അദ്ദേഹം പറഞ്ഞു.

ബാറ്റിങ് മികവ് പരിഗണിച്ച് കുല്‍ദീപിനേക്കാള്‍ അക്ഷറിനു പരിഗണന നല്‍കിയെന്നും ഒരു ക്യാപ്റ്റന്‍ അവരുടെ താരങ്ങളില്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ടെന്നും പാണ്ഡെ വിശദമാക്കി.

വിരാട് കോലി ക്യാപ്റ്റനായിരിക്കെയാണ് കുല്‍ദീപും ചാഹലും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ജോടികളായി മാറിയത്. വൈകാതെ കുല്‍ദീപ് പുറത്താവുകയും അക്‌സര്‍ പട്ടേല്‍ ടീമിലെത്തുകയും ചെയ്തു. ഓള്‍റൗണ്ട് പരിഗണിച്ച് രവീന്ദ്ര ജഡേജയേയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.