ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകന്‍ മിസ്ബ ഉൾ ഹഖിനെതിരെ രൂക്ഷ വിമർശനവുമായി മുൻതാരം ആക്വിബ് ജാവേദ്. സ്‌കൂൾ ടീമിന്റെ കോച്ചായിപ്പോലും അവസരം കിട്ടാൻ യോഗ്യതയില്ലാത്ത ആളാണ് മിസ്ബയെന്ന് ആക്വിബ് ജാവേദ് പറഞ്ഞു. ന്യൂസിലൻ‍ഡിനെതിരായ രണ്ടുടെസ്റ്റും തോറ്റതോടെയാണ് പാക് ടീം വിമർശനത്തിന്റെ മുൾമുനയിലായത്. 

'ക്രിക്കറ്റ് കളിയും ക്രിക്കറ്റ് പരിശീലനവും വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്. മിസ്ബയെ ഏതെങ്കിലുമൊരു സ്കൂൾ ടീം പോലും പരിശീലകൻ ആക്കുമെന്ന് കരുതുന്നില്ല. മിസ്ബയെയും വഖാർ യൂനിസിനെയും പരിശീലകനായി നിയമിച്ച ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തുള്ളവരാണ് ടീമിന്റെ തോൽവിക്ക് ഉത്തരവാദികള്‍' എന്നും ആക്വിബ് ജാവേദ് പറഞ്ഞു. 

നാൽപ്പത്തിയെട്ടുകാരനായ ആക്വിബ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്തേഴ്സിന്റെ മുഖ്യ പരിശീലകനാണ്. നേരത്തേ, പാകിസ്ഥാൻ ദേശീയ ടീമിന്റെ ബൗളിംഗ് കോച്ചായും അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കിവീസിന്; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്