ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ തന്റെ വിവാദ പ്രസ്താവനകളില്‍ വ്യക്തത വരുത്തി. സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും, തന്റെ വാക്കുകളെ മാധ്യമങ്ങള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു എന്നും സഞ്ജു പറഞ്ഞു.

ദുബായ്: തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മറ്റൊരു രീതിയിലാണ് ഏറ്റെടുത്തതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. താന്‍ സാധാരണ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും, സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാന്‍ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്ന് സഞ്ജു വ്യക്തമാക്കി. ജിയോസ്റ്റാറിലെ ഒരു ഷോയില്‍ സംസാരിക്കവെയായിരുന്നു സഞ്ജുവിന്റെ പുതിയ പ്രതികരണം.

സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും, എതിര്‍ ടീമിലെ താരങ്ങളോടാണ് മത്സരിക്കേണ്ടതെന്നും താരം ആവര്‍ത്തിച്ചു. ''കളിക്കേണ്ടത് എതിര്‍ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോല്‍പ്പിക്കണം, നിര്‍ണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊര്‍ജവും.' സഞ്ജു പറഞ്ഞു. ന്യൂസീലന്‍ഡ് പര്യടനം കഴിഞ്ഞ് ലോകകപ്പിന് തൊട്ടുമുന്‍പാണ് തനിക്ക് ഈ തോന്നലുണ്ടായതെന്നും, അത് അങ്ങനെ തന്നെ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങളുടെ പശ്ചാത്തലം

സമ്മര്‍ദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി. ക്രിക്കറ്റില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണെന്നും അനാവശ്യ സമ്മര്‍ദങ്ങളൊന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ സാധാരണ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. മുഴുവന്‍ അഭിമുഖവും കണ്ടാല്‍ അത് മനസ്സിലാവും. പറയേണ്ടത് പറയേണ്ടി വരും. ഇപ്പോഴത്തെ കാലത്ത് ആള്‍ക്കാര്‍ക്ക് അത് ഏത് രീതിയില്‍ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോള്‍ സാധാരണമാണ്. ഇതൊരു ടീം സ്‌പോര്‍ട്ടാണ്,' സഞ്ജു വ്യക്തമാക്കി. ഈ വിവാദങ്ങള്‍ക്ക് ശേഷം തന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും നല്ല നിരവധി മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചതായും മലയാളി താരം സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

YouTube video player