ചെന്നൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തമിഴ്‌നാടിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ സാന്നിധ്യത്തിലാണ് ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ പാര്‍ട്ടി അംഗത്വമെടുത്തത്. തമിഴ്‌നാട് ബിജെപി പ്രസിഡന്‍റ് എല്‍ മുരുകനും ചടങ്ങില്‍ പങ്കെടുത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ 17-ാം വയസില്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരമാണ് ലെഗ്‌ സ്‌പിന്നറായ ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍. ഒന്‍പത് ടെസ്റ്റുകളില്‍ നിന്ന് 26 വിക്കറ്റുകളും 16 ഏകദിനത്തില്‍ 15 വിക്കറ്റും സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 76 മത്സരങ്ങള്‍ കളിച്ച താരം 154 വിക്കറ്റും 1802 റണ്‍സും നേടി. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് 1987ല്‍ വിരമിച്ച താരം കമന്‍റേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്‌പിന്‍ ബൗളിംഗ് കോച്ചായും ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു നയിക്കും; ശ്രീശാന്ത് ടീമില്‍