Asianet News MalayalamAsianet News Malayalam

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു നയിക്കും; ശ്രീശാന്ത് ടീമില്‍

നാല് പുതുമുഖ താരങ്ങളാണ് ടീമിലുള്ളത്. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രണ്ടാം തവണയാണ് സഞ്ജു കേരളത്തെ നയിക്കുന്നത്.

Sanju Samson will lead Kerala for Syed Mushtaq Ali T20 Tournament
Author
Thiruvananthapuram, First Published Dec 30, 2020, 3:11 PM IST

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് ടീമില്‍ തിരിച്ചെത്തിയെന്ന പ്രത്യേകതയുമുണ്ട്.. നാല് പുതുമുഖ താരങ്ങളാണ് ടീമിലുള്ളത്. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രണ്ടാം തവണയാണ് സഞ്ജു കേരളത്തെ നയിക്കുന്നത്. നേരത്തെ 2015-16 സീസണില്‍ സഞ്ജു ടീമിനെ നയിച്ചിരുന്നു. പിന്നീട് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരാണ് ടീമിലെ ഇതര സംസ്ഥാന താരങ്ങള്‍.

മുംബൈയിലാണ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളത്തിന്റെ ഗ്രൂപ്പില്‍ പുതുച്ചേരി, മുംബൈ, ദില്ലി, ആന്ധ്ര, ഹരിയാന ടീമുകളാണ് കളിക്കുന്നത്. ഐപിഎല്ലിന് മുമ്പുള്ള ടൂര്‍ണമെന്റായതിനാല്‍ പല താരങ്ങളും പ്രാധാന്യത്തോടെയാണ് മത്സരങ്ങളെ കാണുന്നത്. ലോകകപ്പ് ടീമില്‍ അംഗമാവുകയാണ് ലക്ഷ്യമെന്ന് അടുത്തിടെ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ പി കെ, അഭിഷേക് മോഹന്‍, വിനൂപ് മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വത്സല്‍ ഗോവിന്ദ്, റോജിക് കെ ജി, ശ്രീരൂപ് എം പി.

 

Follow Us:
Download App:
  • android
  • ios