പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. അതിന് ശേഷമാണ് ധോണിയുടെ ഭാവിയെ കുറിച്ച് മുന്‍ ചെന്നൈ താരം കൂടിയായ ഹെയ്ഡന്‍ സംസാരിച്ചത്.
ബംഗളൂരു: അടുത്ത സീസണിലും എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ഉണ്ടാവുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും കമന്റേറ്ററുമായ മാത്യൂ ഹെയ്ഡന്‍. എന്നാല്‍ അത് കളിക്കാരനായിട്ട് അല്ലായിരിക്കുമെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. അതിന് ശേഷമാണ് ധോണിയുടെ ഭാവിയെ കുറിച്ച് മുന്‍ ചെന്നൈ താരം കൂടിയായ ഹെയ്ഡന്‍ സംസാരിച്ചത്.
അദ്ദേഹം ചെന്നൈക്കൊപ്പം അവസാന മത്സരം കളിച്ചുകഴിഞ്ഞെന്നാണ് ഹെയ്ഡന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ധോണി അദ്ദേഹത്തിന്റെ അവസാനമത്സരം കളിച്ചുകഴിഞ്ഞു. എന്നാല്‍ ധോണിയെ വരും സീസണിലും നമുക്ക് കാണാം. എന്നാല്‍ അത് ഉപദേശകനോ അല്ലെങ്കില്‍ പരിശീലകനോ ഒക്കെ ആയിട്ടായിരിക്കാം. അദ്ദേഹം പരിചയസമ്പത്തും പരിജ്ഞാനവും മനോഹരമായി ഉപയോഗിക്കുന്നു. അദ്ദേഹം ഇപ്പോഴും കരുത്തനാണ്. കൡക്കുന്ന ഷോട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം. മുന്‍നിരയില്‍ കളിക്കുന്നുവര്‍ക്കും അനായാസം പന്ത് അതിര്‍ത്തി കടത്താന്‍ സാധിച്ചേക്കാം. എന്നാല്‍ ഇന്നിംഗ്‌സിന്റെ അവസാനം കളിക്കുന്നവര്‍ക്ക് അത്രത്തോളം കഴിയണമെന്നില്ല. എന്നാല്‍ ധോണി അനായാസം ചെയ്യുന്നു.'' ഹെയ്ഡന്‍ പറഞ്ഞു.
അതേസമയം, ചെന്നൈക്കെതിരായ വിജയത്തിന് ശേഷം ആര്‍സിബി താരങ്ങള്‍ ഗ്രൗണ്ടിന് ചുറ്റും ഓടിനടന്ന് ആരാധകരോട് നന്ദി പറയുന്നതിനിടെ കാത്തു നിന്ന് മടുത്ത ധോണി ഹസ്തദാനത്തിന് നില്‍ക്കാതെ ഡഗ് ഔട്ടിലേക്ക് തിരിച്ചു നടന്നിരുന്നു. നായകന്‍ റുതുരാജ് ഗെയ്ക്വാദ് അടക്കമുള്ള താരങ്ങള്‍ അഞ്ച് മിനിറ്റോളം ഗ്രൗണ്ടില്‍ കാത്തുനിന്ന ശേഷമാണ് ആര്‍സിബി താരങ്ങള്‍ എത്തിയത്. ഇതിനിടെ ഡഗ് ഔട്ടിലേക്ക് നടന്ന ധോണി അവിടെയുണ്ടായിരുന്ന ആര്‍സിബി സപ്പോര്‍ട്ട് സ്റ്റാഫിന് ഹസ്തദാനം നടത്തി. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സാണ് ആര്‍സിബിയുടെ എതിരാളി. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.

