മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യ ഒഴിഞ്ഞ് ടി20 ലോകകപ്പ് ജേതാവായ സൂര്യകുമാര്‍ യാദവ് ഏറ്റെടുക്കണമെന്ന് മുന്‍ താരം കെ ശ്രീകാന്ത്.
ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യ ഒഴിഞ്ഞുകൊടുക്കണമെന്നും പകരം ടി20 ലോകകപ്പ് ജേതാവായ സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ടീമിനുള്ളിലെ നേതൃത്വപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൂര്യകുമാര്‍ നായകസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ഈ അഭിപ്രായം പങ്കുവെച്ചത്.
ലോകകപ്പ് നേടിയ ആവേശത്തില്‍ നില്‍ക്കുന്ന സൂര്യകുമാര്‍ യാദവാണ് നിലവില്‍ മുംബൈയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഇതൊരു വിചിത്രമായ സാഹചര്യമാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലോകകപ്പ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ മികച്ച കളിക്കാരനും ക്യാപ്റ്റനുമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹാര്‍ദിക് തന്നെ മുന്നോട്ടുവന്ന് 'ഞാന്‍ മാറിനില്‍ക്കാം, സൂര്യ നയിക്കട്ടെ' എന്ന് പറയണം. സൂര്യകുമാര്‍ ഇപ്പോള്‍ വിജയവഴിയിലാണ്.'' ശ്രീകാന്ത് പറഞ്ഞു.
ടീം മാനേജ്മെന്റും ഉടമകളും രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരുമായി ചര്‍ച്ച നടത്തി ഈ വര്‍ഷം സൂര്യകുമാറിനെ ക്യാപ്റ്റനാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ, രോഹിത്തിന് പകരമാണ് നായകസ്ഥാനം ഏറ്റെടുത്തത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ ഹാര്‍ദിക്കിനെതിരെ കാണികള്‍ കൂവുന്ന സാഹചര്യവും ഉണ്ടായി.
കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2024-ല്‍ പത്താം സ്ഥാനത്തായിരുന്ന ടീം, കഴിഞ്ഞ വര്‍ഷം പ്ലേ ഓഫില്‍ എത്തിയെങ്കിലും എലിമിനേറ്ററില്‍ പുറത്തായിരുന്നു. ക്യാപ്റ്റന്‍സി വിവാദങ്ങള്‍ക്കിടയിലും സീസണില്‍ എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത്തിനെയാണ്. 2027 ലോകകപ്പ് ലക്ഷ്യമിടുന്നതിനാല്‍ ഐപിഎല്ലില്‍ കേവലം ഒരു ഇംപാക്ട് പ്ലെയര്‍ ആയി ഒതുങ്ങാതെ ഫീല്‍ഡിംഗിലും ബാറ്റിംഗിലും സജീവമാകാനായിരിക്കും രോഹിത് ശ്രമിക്കുക.

