സുന്ദര്‍ പുറത്തായ ശേഷവും ജുറലിനെ അയക്കാതിരുന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ധ്രുവ് ജുറലിനെ എട്ടാമത് കളിപ്പിച്ചതാണ് പീറ്റേഴ്‌സണെ ചൊടിപ്പിച്ചത്. നാല് പന്തില്‍ രണ്ട് റണ്‍സുമായിട്ട് ജുറല്‍ പുറത്താവുകയും ചെയ്തു. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് എട്ടാം ഓവറിലെ അവസാന പന്തില്‍ തിലക് വര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. ഡഗൗട്ടില്‍ കാത്തുനിന്ന ധ്രുവ് ജുറലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ക്രീസിലേക്കയക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

അതിനെ കുറിച്ച് പീറ്റേഴ്‌സണ്‍ പറയുന്നതിങ്ങനെ... ''എനിക്ക് ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. നിങ്ങളുടെ മികച്ച ബാറ്റര്‍മാര്‍ മുകളില്‍ ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞയാഴ്ച ഞാന്‍ ദക്ഷിണാഫ്രിക്കയില്‍, എസ്എ 20യില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ എന്നെ അതിശയിപ്പിച്ചു. ക്വിന്റണ്‍ ഡി കോക്ക് മൂന്നാം നമ്പര്‍ അല്ലെങ്കില്‍ നാലാം നമ്പറിലാണ് ബാറ്റ് ചെയ്തിരുന്നത്. ഹെന്റിച്ച് ക്ലാസന്‍ ആറാം സ്ഥാനത്തും അല്ലെങ്കില്‍ ഏഴാമതും ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവരോട് ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്ന്! ധ്രുവ് ജുറലിനെപ്പോലെ ഒരു മികച്ച ബാറ്ററെ എന്തിനാണ് അവസാനത്തേക്ക് മാറ്റിയതെന്ന് എനിക്ക് അറിയില്ല. തീര്‍ച്ചയായും അയാള്‍ക്ക് സമ്മര്‍ദത്തിലാണ് കളിച്ചുണ്ടാവുക.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.

'മത്സരം ഞങ്ങളുടെ കയ്യിലാണെന്ന് കരുതി'! രാജ്‌കോട്ട് ടി20 മത്സരഫലത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ്

സുന്ദര്‍ പുറത്തായ ശേഷവും ജുറലിനെ അയക്കാതിരുന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. പകരം, അക്സര്‍ പട്ടേല്‍ ബാറ്റ് ചെയ്യാന്‍ വന്ന് 15 പന്തില്‍ 16 റണ്‍സ് എടുത്ത് കഷ്ടപ്പെട്ടു. അതേസമയം, ഹാര്‍ദിക് പാണ്ഡ്യയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ റണ്‍ റേറ്റ് കൂടുതല്‍ വലിച്ചുതാഴ്ത്തി. ഇംഗ്ലണ്ടിന് കളിയില്‍ പിടി മുറുക്കാന്‍ അനുവദിച്ചു. ഇന്നിംഗ്സില്‍ 16 പന്തുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ജൂറല്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. 18-ാം ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ എടുക്കാന്‍ ഹാര്‍ദിക് വിസമ്മതിക്കുകയും ചെയ്തു. 19-ാം ഓവറില്‍ ഹാര്‍ദിക് പുറത്തായി. അടുത്ത പന്തില്‍ 4 പന്തില്‍ 2 റണ്‍സ് മാത്രം നേടിയ ജുറലും മടങ്ങുകയായിരുന്നു.

മൂന്നാം ടി20യില്‍ 26 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ പരമ്പര 2-1ലെത്തിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച്ച പൂനെയില്‍ നടക്കും. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്.