Asianet News MalayalamAsianet News Malayalam

'കോലി നേരത്തെ ബിസിസിഐക്ക് സന്ദേശമയച്ചിരുന്നു'; ടെസ്റ്റ് റദ്ദാക്കിയതിനെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കോലി സന്ദേശമയച്ചതെന്നും ഗോവര്‍ വ്യക്തമാക്കി.

Former England captain on cancelation of Manchester test
Author
London, First Published Sep 13, 2021, 10:35 PM IST

ലണ്ടന്‍: ഇംഗ്ലണ്ട്- ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഡേവിഡ് ഗോവര്‍. ടെസ്റ്റ് തുടങ്ങുന്നതിന്റെ തലേദിവസം തന്നെ കോലി ബിസിസിഐക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നതായി ഗോവര്‍ ആരോപിച്ചു. സന്ദേശത്തില്‍ ടീമംഗങ്ങളുടെ മാനസികാവസ്ഥയും കോലി വിവരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കോലി സന്ദേശമയച്ചതെന്നും ഗോവര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ഗോവര്‍ പറയുന്നതിങ്ങനെ... ''ആദ്യ ദിവസത്തെ മത്സരം കാണാന്‍ ഞാനും മാഞ്ചസ്റ്ററിലുണ്ടായിരുന്നു. വളരെ ആകാംക്ഷയോടെയാണ് ഞാന്‍ സ്‌റ്റേഡിയത്തിലെത്തിയത്. ടെസ്റ്റ് ആസ്വദിക്കുന്നതോടൊപ്പം ആതിഥേയത്വത്തെ കുറിച്ച് കാണികളുമായി സംസാരിക്കാമെന്നും ഞാന്‍ കരുതി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ടെസ്റ്റ് റദ്ദാക്കിയതായി അറിയാന്‍ കഴിഞ്ഞു.

ക്രിക്കറ്റില്‍ മത്സരങ്ങള്‍ ഉപേക്ഷിക്കുക സ്വഭാവികമാണ്. എന്നാല്‍ മത്സരം തുടങ്ങി കുറച്ച് മുന്നോട്ട് പോയ ശേഷമാണ് ഉപേക്ഷിക്കുക. എന്നാല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ടോസിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഉപേക്ഷിച്ചത്. അതിന്റെ തലേദിവസം കോലി ബിസിസിഐക്ക് സന്ദേശം അയച്ചിരുന്നു. അതില്‍ താരങ്ങളുടെ മാനസികാവസ്ഥയും വ്യക്തമാക്കിയിരുന്നു.'' ഗോവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. ബൗളിങ് കോച്ച് ഭരത് അരുണും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറും കോവിഡ് പോസിറ്റീവായി. പിന്നാലെ ടെസ്റ്റ് റദ്ദാക്കിയതായി ഇസിബി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios