സ്വതന്ത്രരായി പുറത്തിറങ്ങാനും നടക്കാനുമെല്ലാമുള്ള സാഹചര്യത്തിനായി എല്ലാവരും കുറച്ചുകാലം കൂടി കാത്തിരുന്നേ മതിയാവു. ക്രിക്കറ്റില്‍ സാമൂഹിക അകലം പാലിക്കല്‍ താരതമ്യേന എളുപ്പമായതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വൈകാതെ പുനരാരംഭിക്കുമെന്നും ബോതം പറഞ്ഞു.

ലണ്ടന്‍: ലോകം കൊവിഡ് 19ന്റെ ഭീതിയാവുന്നതിന് മുമ്പെ തനിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഇയാന്‍ ബോതം. അന്ന് അത് സാധാരണ കടുത്ത പനിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ബോതം പറഞ്ഞു.

ലോകം കൊവിഡിന്റെ പിടിയിലമരുന്നതിന് മുമ്പെ എനിക്ക് കൊവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലോ ജനുവരി ആദ്യമോ ആയിരുന്നു അത്. അന്ന് ഞാന്‍ കരുതിയത്, കടുത്ത പനിയാണെന്ന് മാത്രമായിരുന്നു. അന്ന് കൊവിഡിന്റെ വിശദാംശങ്ങളൊന്നും അറിയില്ലായിരുന്നു. ലോകം മുഴുവന്‍ ഇത് ഒരു മഹാമാരിയായി പടര്‍ന്നുപിടിക്കുമെന്നും-ബോതം പറഞ്ഞു.

കൊവിഡ് പ്രതിരോധ നടപടികളോട് ജനങ്ങള്‍ വളരെ നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ബോതം പറഞ്ഞു. സ്വതന്ത്രരായി പുറത്തിറങ്ങാനും നടക്കാനുമെല്ലാമുള്ള സാഹചര്യത്തിനായി എല്ലാവരും കുറച്ചുകാലം കൂടി കാത്തിരുന്നേ മതിയാവു. ക്രിക്കറ്റില്‍ സാമൂഹിക അകലം പാലിക്കല്‍ താരതമ്യേന എളുപ്പമായതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വൈകാതെ പുനരാരംഭിക്കുമെന്നും ബോതം പറഞ്ഞു.

ഇംഗ്ലണ്ട് സ്പിന്നറായ ജാക് ലീച്ചും തനിക്ക് നേരത്തെ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതായി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ പരിധോധനാ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കൊവിഡാണെന്ന് സ്ഥിരീകരിക്കാനായിരുന്നില്ലെന്നും ലീച്ച് പറഞ്ഞിരുന്നു.

ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ജൂലൈ എട്ടിന് ആണ് ആരംഭിക്കുന്നത്. കൊവിഡ് കാലത്ത് നടക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയാണ് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ളത്. സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരം നടത്തുക.