കോലി ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളില്‍ 8 തവണ പുറത്തായി. രോഹിത്താവട്ടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമാണ് നേടിയത്.

നാഗ്പൂര്‍: ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയോടും വിരാട് കോലിയോടും ആരാധകര്‍ സഹാനുഭൂതി കാണിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഇരുവരും വിരമിക്കണമെന്ന ആവശ്യം അന്യായമാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമാണ് ഇരുവര്‍ക്കുമെതിരായ വിമര്‍ശനം ശക്തമായത്. കോലി ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളില്‍ 8 തവണ പുറത്തായി. രോഹിത്താവട്ടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമാണ് നേടിയത്. മോശം ഫോമിനെ തുടര്‍ന്ന് സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനും രോഹിത് തീരുമാനിച്ചു.

ഇതിനിടെയാണ് ഇരുവര്‍ക്കും പിന്തുണയുമായി പീറ്റേഴ്‌സണ്‍ രംഗത്ത് വന്നത്. '' ഇരുവരും വിരമിക്കണമെന്ന് പറയുന്നത് അന്യായമാണ്. ഇവരെപ്പോലെ ഇത്രയും റണ്‍സ് നേടിയ ഒരാളോട് എങ്ങനെ വിരമിക്കണമെന്ന് പറയാന്‍ കഴിയും? അവര്‍ ഇതിനേക്കാള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നു. എന്റെ കരിയറില്‍ ഇതേ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. അങ്ങനെ സംഭവിക്കാറുണ്ട്. രോഹിത്തും വിരാടും റോബോട്ടുകളല്ല. അവര്‍ പുറത്തുപോയി ബാറ്റ് ചെയ്യുമ്പോഴെല്ലാം സെഞ്ചുറി നേടണമെന്ന് നിര്‍ബന്ധം പിടിക്കരുത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അവര്‍ മോശം പ്രകടനം പുറത്തെടുത്തിട്ടുണ്ടാവാം. എന്നുവച്ച് അവര്‍ മോശം താരങ്ങളാകുമോ? ഇല്ല. അവര്‍ മനുഷ്യരാണ്. അവര്‍ 36, 37 അല്ലെങ്കില്‍ 38 വയസിലേക്ക് എത്തുന്നു. അത്തരം കളിക്കാര്‍ ആഘോഷിക്കപ്പെടണം.'' പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.

'ഈഗോയില്ല, ഞങ്ങള്‍ക്കിടയില്‍ മത്സരവുമില്ല'; ഇന്ത്യയുടെ ഓപ്പണര്‍മാരെ കുറിച്ച് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇരുവരും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച്ച നാഗ്പൂരില്‍ തുടക്കമാവും. ടി20 കളിച്ച ടീമില്‍ നിന്ന് ഒമ്പത് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇതേ ടീം ചാംപ്യന്‍സ് ട്രോഫിയും കളിക്കും. അതിലേക്ക് ഹര്‍ഷിത് റാണയ്ക്ക് പകരം ജസ്പ്രിത് ബുമ്രയും ചേരുമെന്ന് മാത്രം. ടി20 കളിച്ച ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരാണ് ഏകദിന ടീമില്‍ ഉള്‍പ്പെട്ടത്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള പ്ലേയിംഗ് ഇലവന്‍ ഈ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് കണ്ടെത്തേണ്ടതുണ്ട്. പരീക്ഷണങ്ങള്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലുണ്ടാവും. രോഹിത് ഓപ്പണറായെത്തുമെന്ന് ഉറപ്പാണ്. അദ്ദേത്തിനൊപ്പം ശുഭ്മന്‍ ഗില്ലോ അതോ യശസ്വി ജയ്‌സ്വാളോ എന്നുള്ളതാണ് പ്രധാന ചോദ്യം. വിരാട് കോലി മൂന്നാമത് തുടരും. 

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.