ഗഫിന്റെ പട്ടികയില്‍ ഒന്നാമന്‍ കോലിയാണ്. നിലവില്‍ മോശം ഫോമിലെങ്കിലും കോലിയെ ഗഫ് കയ്യൊഴിഞ്ഞില്ല. അടുത്തകാലം വരെ കോലിക്ക് മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കോലിയുടെ ബാറ്റില്‍ നിന്ന് സെഞ്ചുറി പിറന്നിട്ടില്ല.

ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് ചോദിച്ചാല്‍ ഒന്നിലധികം പേരുകള്‍ ചൂണ്ടികാണിക്കാനുണ്ടാവും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli), കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിങ്ങനെ നീളുന്നു നിര. ഇതില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാവും. അതുകൊണ്ടുതന്നെ നാല് പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ ഡാരന്‍ ഗഫ്. 

ഗഫിന്റെ പട്ടികയില്‍ ഒന്നാമന്‍ കോലിയാണ്. നിലവില്‍ മോശം ഫോമിലെങ്കിലും കോലിയെ ഗഫ് കയ്യൊഴിഞ്ഞില്ല. അടുത്തകാലം വരെ കോലിക്ക് മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കോലിയുടെ ബാറ്റില്‍ നിന്ന് സെഞ്ചുറി പിറന്നിട്ടില്ല. ഇപ്പോഴും 71-ാം സെഞ്ചുറിക്ക് വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം. 101 ടെസ്റ്റില്‍ നിന്ന് 8043 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 260 ഏകദിനം കളിച്ചപ്പോള്‍ 12311 റണ്‍സും 97 ടി20യില്‍ നിന്ന് 3296 റണ്‍സും കോിലി നേടി. 

ഗഫിന്റെ പട്ടികയിലെ രണ്ടാമന്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് (Joe Root). അടുത്തിടെയാണ് റൂട്ടിനെ നായകസ്ഥാത്ത് നിന്നൊഴിവാക്കിയത്. 117 ടെസ്റ്റില്‍ നിന്ന് 9889 റണ്‍സാണ് റൂട്ട് നേടിയത്. 152 ഏകദിനം കളിച്ചപ്പോള്‍ 6109 റണ്‍സും 32 ടി20യില്‍ നിന്ന് 893 റണ്‍സും റൂട്ട് നേടി. നായകനെന്ന നിലയില്‍ പരാജയപ്പെട്ടെങ്കിലും ബാറ്റിംഗ് പ്രകടനം പുറത്തെടുത്താന്‍ ഇന്ന് താരത്തെ വെല്ലാന്‍ ഇംഗ്ലണ്ട് നിരയില്‍ ആരുമില്ല.

ഗഫിന്റെ മൂന്നാമന്‍ വില്യംസണാണ് (Kane Williamson). മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ടെന്നാണ് ഗഫ് പറയുന്നത്. 86 ടെസ്റ്റില്‍ നിന്ന് 7272 റണ്‍സും 151 ഏകദിനത്തില്‍ നിന്ന് 6174 റണ്‍സും കിവീസ് നായകന്‍ നേടിയിട്ടുണ്ട്. 74 ടി20 കളിച്ചപ്പോള്‍ 2021 റണ്‍സും നേടാന്‍ താരത്തിനായി. ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്നു വില്യംസണ്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ചാണ് തിരിച്ചെത്തിയത്.

ഗഫിന്റെ പട്ടികയില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഇല്ലെന്നുള്ളതാണ് പ്രത്യേകത. പകരം ബാബര്‍ അസമിനെയാണ് ഉള്‍പ്പെടുത്തിയത്. സമിത്തിന് നിശ്തി ഓവര്‍ ക്രിക്കറ്റില്‍ പ്രത്യേകിച്ചൊന്നും അവകാശപ്പെടാനില്ലെന്നാണ് ഗഫ് പറയുന്നത്. മറുവശത്ത് അസം ആവട്ടെ, മൂന്ന് ഫോര്‍മാറ്റിലും സ്ഥിരത പുലര്‍ത്തുന്നു. 40 ടെസ്റ്റില്‍ നിന്ന് 2851 റണ്‍സ് നേടിയ ബാബര്‍ 86 ഏകദിനത്തില്‍ 4261 റണ്‍സും സ്വന്തമാക്കി. 74 ടി20 കളിച്ച പാക് ക്യാപ്റ്റന്‍ 2686 റണ്‍സും അക്കൗണ്ടിലാക്കി.