ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് മുന്‍ ഇംഗ്ലീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡ്. പുതിയ പന്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കുകയെന്നത് ഇംഗ്ലണ്ടിന് നിര്‍ണായകമായിരിക്കും.
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ലീഡ്‌സ് ടെസ്റ്റ് അവസാന ദിവസം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവെ സന്ദര്‍ശകര്‍ക്ക് തന്നെയാണ് മുന്‍ തൂക്കമെന്ന് മുന്‍ ഇംഗ്ലീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡ്. 371 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. അവസാന ദിനം 10 വിക്കറ്റുകല്‍ കയ്യിലിരിക്കെ ജയിക്കാന്‍ വേണ്ടത് 350 റണ്‍സ്. ലീഡ്‌സില്‍ അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ഒരു ലക്ഷ്യം ഇതുവരെ വിജയകരമായി പിന്തുടര്‍ന്നിട്ടില്ല.
1948-ല്‍ ഡോണ്‍ ബ്രാഡ്മാന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ടീം ആറ് ദിവസത്തെ ടെസ്റ്റ് മത്സരത്തില്‍ 404 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബ്രാഡ്മാന്‍ 173 റണ്‍സുമായി പുറത്താകാതെ നിന്നു. ആധുനിക ക്രിക്കറ്റില്‍ 2019ലെ ആഷസില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ബെന്‍ സ്റ്റോക്‌സ് ഇന്നിംഗ്‌സിന്റെ സഹായത്തോടെ ഇംഗ്ലണ്ട് മറികടന്നിരുന്നു. ലീഡ്‌സില്‍ അഞ്ച് ദിവസ ടെസ്റ്റില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് വിജയമാണിത്.
അഞ്ചാം ദിവസത്തെ പിച്ചില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി കളി സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് 10 അവസരങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ എന്ന് ബ്രോഡ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പുതിയ പന്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി മറികക്കുകയെന്നുള്ളത് ഇംഗ്ലണ്ടിന് നിര്‍ണായകമായിരിക്കും. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതലെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് 10 അവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കേണ്ടതുള്ളൂ, ക്യാച്ചുകള്‍ എടുത്താല്‍ മാത്രം ഇന്ത്യക്ക് വിജയിക്കാം.'' ബ്രോഡ് സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
അദ്ദേഹം തുര്‍ന്നു... ''ഇന്ത്യ ഫേവറൈറ്റുകളായിരിക്കാം, പക്ഷേ ഇംഗ്ലണ്ട് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും തങ്ങളാണ് ഫേവറൈറ്റുകളാണെന്ന് കരുതുകയും വേണം. ബൗളര്‍മാരെ നന്നായി ഉപയോഗിക്കേണ്ട ഉത്തരവാദിത്തം ഗില്ലിനുണ്ട്.'' അദ്ദേഹം പറഞ്ഞു.



